ന്യൂദല്‍ഹി-വിവാഹ ബന്ധത്തിലെ ലൈംഗിക പീഡനം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 2.15 നാണ് വിധി പ്രസ്താവം നടക്കുക. ബലാത്സംഗം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 പ്രകാരം സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭര്‍ത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ബലാത്സംഗക്കുറ്റമായി കണക്കാകാനാകില്ല.
ഭര്‍ത്താവിന് ലഭിക്കുന്ന ഈ നിയമപരിരക്ഷ റദ്ദാക്കണമെന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. വിഷയത്തിലെ സാമൂഹിക ആഘാതം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരുകളുമായും മറ്റ് തല്‍പര കക്ഷികളുമായും കൂടിയാലോചിച്ച് മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാവൂ എന്നും അതിനായി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം. ഈ നിര്‍ദ്ദേശം തള്ളിയാണ് ഹര്‍ജികളില്‍ കോടതി വാദം കേട്ടത്.