വരന്‍ മുണ്ടിന് പകരം ഷെര്‍വാണി ധരിച്ചു,   ബന്ധുക്കള്‍ കല്ലെറിഞ്ഞു; സംഘര്‍ഷം

ഭോപാല്‍-  വരന്‍ വിവാഹത്തിന് ധരിച്ചെത്തിയ വേഷത്തിന്റെ പേരില്‍ ഇരുവീട്ടുകാരും ഏറ്റുമുട്ടി. വിവാഹ ചടങ്ങുകളില്‍ വരന്‍ മുണ്ട് ധരിക്കണമെന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കമെന്ന് പിടിഐ  റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് വരന്‍ മുണ്ടിന് പകരം ഷെര്‍വാണി ധരിച്ചെത്തിയതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ പരസ്പരം കല്ലെറിയുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ഗോത്രസമുദായത്തില്‍ നടന്ന വിവാഹത്തിനിടയിലാണ് സംഘര്‍ഷമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഗോത്രത്തിന്റെ പരമ്പരാഗത രീതിക്കനുസരിച്ച് വിവാഹ ചടങ്ങില്‍ വരന്‍ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പറഞ്ഞിരുന്നു. എന്നാല്‍ വരന്‍ ഷെര്‍വാണി ധരിക്കാന്‍ തീരുമാനിച്ചതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. മുണ്ടും കുര്‍ത്തയും ധരിച്ചാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കേണ്ടതെന്ന വധുവിന്റെ വീട്ടുകാരുടെ ആവശ്യം സുന്ദര്‍ലാല്‍ എന്ന യുവാവ് തള്ളിയതോടെ ഇരുകൂട്ടര്‍ക്കുമിടയില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇത് പിന്നീട് ഏറ്റുമുട്ടലിലാണ് കലാശിച്ചതെന്ന് ധമ്‌നോദ് പോലീസ് പറഞ്ഞു.
തര്‍ക്കത്തിനിടയില്‍ ഇരുവിഭാഗവും പരസ്പരം കല്ലുകള്‍ എടുത്ത് എറിയുകയും ചെയ്തു. പിന്നീട് ഇരുകൂട്ടരും പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ വധുവിന്റെ വീട്ടുകാരുമായി പ്രശ്‌നമൊന്നും ഇല്ലെന്നും ചില ബന്ധുക്കളാണ് പ്രശ്‌നമുണ്ടാക്കിയതെന്നുമാണ് സുന്ദര്‍ലാല്‍ പറയുന്നത്. സംഘര്‍ഷത്തിന് പിന്നാലെ കല്ലേറില്‍ തങ്ങള്‍ക്ക് പരിക്കേറ്റെന്നാരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു.
 

Latest News