സിംഗപ്പൂര്‍- വിവേക് അഗ്‌നിഹോത്രിയുടെ 'ദ കാശ്മീര്‍ ഫയല്‍സി'ന് സംഗപ്പൂരില്‍ നിരോധനം. ചിത്രം നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോറിട്ടി (ഐ.എം.ഡി.എ) വിലക്കേര്‍പ്പെടുത്തിയത്. ആഭ്യന്തര, സാംസ്‌കാരികയുവജന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം. സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമൂഹിക അഖണ്ഡതയും തകര്‍ക്കുന്നതാണിത്‌ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സ് ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെ മെയ് 13 ന് ആണ് ചിത്രം എത്തുക. മാര്‍ച്ച് 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം ബോളിവുഡ് ബോക്‌സ് ഓഫീസ് തൂത്തുവാരുകയായിരുന്നു. 18 ദിവസം കൊണ്ട് 266.40 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്.
ചിത്രത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. ചിത്രം ന്യൂനപക്ഷങ്ങളെ ആകെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഇത്തരം വര്‍ഗീയത അംഗീകരിക്കാന്‍ ആകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. എഴുത്തുകാരന്‍ അശോക് സ്വെയ്!ന്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങി നിരവധി വ്യക്തികളും ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.