ന്യൂദല്‍ഹി- അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖിയ്ക്ക് പുലിറ്റ്സര്‍ പുരസ്കാരം. ഇന്ത്യയിലെ കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് സമ്മാനം. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മരണാനന്തര ബഹുമതിയായാണ് പുരസ്കാരം സമ്മാനിക്കുന്നത്. രണ്ടാം തവണയാണ് ഡാനിഷ് സിദ്ദിഖി പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. 2018ലാണ് നേരത്തെ ഡാനിഷ് സിദ്ദിഖി പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹനാകുന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം പകര്‍ത്തിയ ചിത്രങ്ങളായിരുന്നു അന്ന് പുലിറ്റ്സറിന് അര്‍ഹനാക്കിയത്. കാണ്ഡഹാറില്‍ അഫ്ഗാന് സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റോയിട്ടേഴ്സിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഡാനിഷിനെ കൂടാതെ, വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ അദ്നാന് അബീദി, സന ഇര്‍ഷാദ്, അമിത് ദാവെ എന്നിവരും ഇത്തവണത്തെ പുലിറ്റ്സറിന് ഇന്ത്യയില്‍ നിന്നും അര്‍ഹരായിട്ടുണ്ട്.