കൊച്ചി- നവാഗത സംവിധായകന്‍ സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ വന്‍തരംഗമായി തീയെറ്റുകളില്‍ നിറഞ്ഞോടുന്നതിനിടെ സിനിമയില്‍ 'സുഡു' എന്ന പ്രധാന വേഷം ചെയ്ത നൈജീരയന്‍ നടന്‍ സാമുവല്‍ അബിയോള റോബിന്‍സണ്‍ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. പ്രതിഫലം നല്‍കുന്നതില്‍ വിവേചനം കാട്ടിയെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവലിന്റെ ആരോപണം. താന്‍ അനുവഭവിച്ചത് വംശീയ വിവേചനമാണെന്നും കറുത്ത വര്‍ഗക്കാരനായതിനാല്‍ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണു നല്‍കിയതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ പോസ്റ്റില്‍ പറയുന്നു. തന്റെ അനുഭവം വിശദീകരിച്ചു കൊണ്ട് ഒരു വീഡിയോയും സാമുവല്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ല.
അഞ്ചു ലക്ഷം രുപ പ്രതിഫലമായി തനിക്കു ലഭിച്ചില്ല. ലഭിച്ചത് ഇതിലു കുറവ് സംഖ്യ മാത്രമാണ്. യഥാര്‍ത്ഥ സംഖ്യ പുറത്തു പറയാന്‍ നാണമുണ്ട്. ഈ വിഷയത്തില്‍ ഒരു വ്യക്തത വരുത്തണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്- മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ സാമുവല്‍ വ്യക്തമാക്കി.
കേരളത്തില്‍ തനിക്ക് വംശീയ വിവേചനം നേരിടേണ്ടു വന്നുവെന്നും ഈ സത്യം പറയാന്‍ ഇതുവരെ ക്ഷമിച്ചിരിക്കുകയായിരുന്നുവെന്നും സാമുവല്‍ പറയുന്നു. ഞാനിപ്പോള്‍ ഇതു പറയുന്നത് ഇനിയൊരു കറുത്ത വര്‍ഗക്കാരനായ യുവ നടന് ഈ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നത് കൊണ്ടാണ്. ഈ വിവേചനം നേരിട്ടോ അല്ലെങ്കില്‍ അതിക്രമത്തിന്റെ രൂപത്തിലോ ആയിരുന്നില്ല. എന്നേക്കാള്‍ പരിചയം കുറഞ്ഞവരും ജനപ്രിയരുമല്ലാത്ത ഇന്ത്യന്‍ നടന്മാര്‍ക്കു നല്‍കുന്നതിലും വളരെ കുറഞ്ഞ പ്രതിഫലമാണ് എനിക്കു ലഭിച്ചത്. കൂടുതല്‍ നടന്മാരുമായി സംസാരിച്ചപ്പോഴാണ് ഇതെനിക്ക് ബോധ്യപ്പെട്ടത്.
എനിക്ക് ഇതു സംഭവിച്ചത് ഞാന്‍ തൊലിനിറമില്ലാത്തവനായത് കൊണ്ടും എല്ലാ ആഫ്രിക്കക്കാരും പാവങ്ങളും പണത്തിന്റെ മൂല്യമറിയാത്തവരുമാണെന്ന ധാരണ ഉള്ളതു കൊണ്ടാണെന്നും സാമുവല്‍ തുറന്നടിച്ചു. അതേസമയം സംവിധായകന്‍ സക്കരിയ തന്നെ വളരെയേറെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കഴിവുറ്റവനാണെന്നും സാമുവല്‍ കുറിച്ചു.
സാമുവലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയയുടെ പിന്നണി പ്രവര്‍ത്തകരുടെ പ്രതികരണം ഇതു വരെ വന്നിട്ടില്ല.