ന്യൂദല്‍ഹി- ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്യാന്‍ കാത്തിരിക്കുന്ന ഇസ്ലാമിക പ്രബോധകന് സാക്കിര്‍ നായിക്കിനെ വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മലേഷ്യയെ സമീപിച്ചു. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തിലാണ് കേന്ദ്രം മലേഷ്യന്‍ അധികൃതര്‍ക്ക് കത്തയച്ചത്. മതവിദ്വേഷം പ്രചരിപ്പിച്ചു, മതവികാരം വൃണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാരോപിച്ച് എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവു ശേഖരണം, കുറ്റപത്ര സമര്‍പ്പണം തുടങ്ങി എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം നായിക്കിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷ മലേഷ്യന്‍ കോടതി പരിഗണിക്കും. നായിക്കിന്റെ വിവാദ പ്രസംഗങ്ങള്‍ അടക്കമുള്ള തെളിവുകളും മലേഷ്യന്‍ കോടതിയില്‍ ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇപ്പോള്‍ മലേഷ്യയിലാണ് നായിക്ക് അഭയം തേടിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇന്ത്യയ്ക്കു വിട്ടു നല്കാന് തയാറാണെന്ന് നേരത്തെ മലേഷ്യ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമ സഹായ കരാര്‍ അനുസരിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നായിക്കിനെ വിട്ടു നല്കാന് തയാറാണെന്ന് 2017 നവംബറില്‍ മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹ്മദ് സാഹിദ് ഹാമിദി വ്യക്തമാക്കിയിരുന്നു.
ഹിന്ദു, കൃസ്ത്യന്‍ മതവിഭാഗങ്ങളുടേയും ഇസ്ലാമിലെ തന്നെ ഷിയ, സുഫി, ബറേല്‍വി വിഭാഗങ്ങളുടേയും വിശ്വാസങ്ങളെ മനപ്പൂര്‍വം വൃണപ്പെടുത്തിയെന്നും പല പ്രസംഗങ്ങളും യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് സ്വാധീനിച്ചെന്നുമാണ് 2017 ഒക്ടോബറില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കിരാത നിയമായ യുഎപിഎ അടക്കം നിരവധി വകുപ്പുകളാണ് നായിക്കിനു മേല്‍ ചുമത്തിയിട്ടുള്ളത്.