ലഖ്നൗ- നടുറോഡില്‍ റീല്‍സിന് വേണ്ടിയുള്ള വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യൂട്യൂബ് താരം അറസ്റ്റില്‍. ഒരുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബര്‍, ലഖ്നൗ സ്വദേശി അസം അന്‍സാരിയെയാണ് താക്കുര്‍ഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് നല്‍കിയ വിശദീകരണം.
ഞായറാഴ്ച ലഖ്നൗവിലെ ക്ലോക്ക് ടവറിന് സമീപത്തുവെച്ചാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചത്. നിരവധിപേര്‍ ഇത് കാണാന്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഡ്യൂപ്പായാണ് അസം അന്‍സാരി സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. സല്‍മാന്‍ ഖാന്റെ ഗാനങ്ങളും നടനെ അനുകരിച്ചുള്ള ദൃശ്യങ്ങളുമാണ് ഇയാളുടെ മിക്ക വീഡിയോകളിലുമുള്ളത്.