ഹൈദരാബാദ്- വിവാഹം കഴിഞ്ഞ് 36 ദിവസം പിന്നിട്ടപ്പോള്‍ യുവതിയും കാമുകനും നാല് സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി.
ഏപ്രില്‍ 28 ന് തെലങ്കാന ജില്ലയിലെ സിദ്ദിപേട്ട് പട്ടണത്തില്‍ നടന്ന സംഭവം 10 ദിവസത്തിന് ശേഷം പോലീസ് അന്വേഷണത്തിലാണ് പുറത്തുവന്നത്.
ഹൃദയസ്തംഭനം മൂലം ഭര്‍ത്താവ് മരിച്ചുവെന്നാണ് യുവതി പറഞ്ഞിരുന്നത്. എന്നാല്‍ യുവാവിന്റെ അമ്മ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് കണ്ടെത്തി. 19 കാരിയായ ശ്യാമള ഭര്‍ത്താവ് കെ.ചന്ദ്രശേഖറിനെ (24) കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ വിഷം കൊടുത്തു കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കാമുകന് ശിവകുമാറിന്റെ (20) സഹായത്തോടെ കൊലപാതക ഗൂഢാലോചന നടത്തുകയായിരുന്നു. ശിവകുമാറിനു പുറമെ, നാല് സുഹൃത്തുക്കളും ബന്ധുക്കളും സഹായിച്ചുവെന്ന് പോലീസ് പറഞ്ഞു.
മൂന്ന് വര്‍ഷമായി ശ്യാമള ശിവകുമാറുമായി പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സിദ്ദിപേട്ട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രവി കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മാര്‍ച്ച് 23 ന് ശ്യാമള, ചന്ദ്രശേഖറിനെ വിവാഹം കഴിച്ചത്.
വിവാഹത്തിന് ശേഷവും ശിവയുമായി ബന്ധം തുടരുകയും ചന്ദ്രശേഖറിനെ ഇല്ലാതാക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തു. ഏപ്രില്‍ 19 ന് ഭര്‍ത്താവിന്റെ ഭക്ഷണത്തില്‍ എലിയെ കൊല്ലുന്ന വിഷം കലര്‍ത്തിയതായി പോലീസ് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് രക്ഷപ്പെട്ടു.
ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട ശ്യാമള കാമുകനൊപ്പം പുതിയ ഗൂഢാലോചന നടത്തി. അതനുസരിച്ച്, ഏപ്രില്‍ 19 ന് തന്നെ ഒരു ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാന്‍ യുവതി ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. അനന്തസാഗര്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍, ഇരുചക്ര വാഹനത്തിലെത്തിയ ശിവയും സുഹൃത്തുക്കളായ രാകേഷ്, രഞ്ജിത്ത്, ബന്ധുക്കളായ സായികൃഷ്ണ, ഭാര്‍ഗവ് എന്നിവരും ചേര്‍ന്ന് കാര്‍ തടഞ്ഞ് നിര്‍ത്തി.
ശിവകുമാറിന്റെ സഹായത്തോടെ ശ്യാമള ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് നെഞ്ചുവേദനയെ തുടര്‍ന്ന് ചന്ദ്രശേഖര്‍ കുഴഞ്ഞുവീണ് മരിച്ചതായി അവര്‍ ബന്ധുക്കളെ അറിയിച്ചു. യുവാവിന്റെ അമ്മ മേനവ്വയ്ക്ക് ഇത് ബോധ്യപ്പെട്ടില്ല. ശ്യാമളയുടെ സംസാരത്തില്‍ സംശയം ഉന്നയിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം വെളിപ്പെട്ടത്.
ആറ് പ്രതികളെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.