പാട്ടുപാടാന്‍ വിളിച്ചുവരുത്തി, ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

പട്ന- വിവാഹത്തിന് പാട്ടുപാടാന്‍ വിളിച്ചുവരുത്തി 28 വയസ്സുള്ള യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പട്നയിലെ രാംകൃഷ്ണ നഗറിലെ ഹാളില്‍വെച്ചാണ് ഗായികയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്റുകുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പോകുന്ന ഗായികയാണ്. പ്രതികളിലൊരാളായ പിന്റുകുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് രാംകൃഷ്ണ നഗറില്‍ ഒരു വിവാഹമുണ്ടെന്നും പാട്ട് പാടാന്‍ വരണമെന്നും പിന്റുകുമാര്‍ യുവതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച പ്രതികള്‍ പറഞ്ഞ ഹാളിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. കാര്യം തിരക്കിയപ്പോള്‍ പ്രതികളായ മൂന്നുപേരും ചേര്‍ന്ന് യുവതിയെ തടഞ്ഞുവെക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മൂന്നുപേരും ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളില്‍നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയംപ്രാപിച്ചത്. തുടര്‍ന്ന് മുറി അകത്തുനിന്ന് പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

വൈദ്യപരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ടെന്ന് രാംകൃഷ്ണ നഗര്‍ എസ്.എച്ച്.ഒ. രവി രഞ്ജന്‍ പറഞ്ഞു.

 

Latest News