ന്യൂദല്‍ഹി- സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഘം ഇവ രക്ഷിതാക്കള്‍ക്ക് വന്‍ തുകയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ചോര്‍ത്തിയ ചോദ്യപ്പേപ്പറുകള്‍ക്ക് 35,000 രൂപ വരെയാണ് ഇവര്‍ വിലയിട്ടിരുന്നത്. എങ്കിലും ഈ വില 5000 രൂപ വരെയായി കുറഞ്ഞതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ആവശ്യക്കാരേറിയതോടെ ഇവര്‍ വിലകുറച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യപ്പേപ്പര്‍ വാങ്ങിയവര്‍ ചെലവായ പണം തിരിച്ചു പിടിക്കാന്‍ കോപ്പിയെടുത്ത് മറിച്ചു വിറ്റു പണം കൊയ്തതായും പോലീസ് പറയുന്നു. ചോര്‍ന്ന ചോദ്യ പേപ്പറിലെ കയ്യെഴുത്ത് കേസില്‍ സംശയിക്കപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടേത് തന്നെയാണോ എന്നും പോലീസ് പരിശോധിക്കും.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് സിബിഎസ്ഇക്ക് മുന്‍കൂട്ടി തന്നെ രണ്ടു തവണ തെളിവ് ലഭിച്ചുവെങ്കിലും അത് അവഗണിച്ചതായും അന്വേഷണം സംഘം കണ്ടെത്തി. പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ തലേന്നു തന്നെ മാര്‍ച്ച് 28 സിബിഎസ്ഇ മേധാവിയുടെ ഇമെയിലലേക്കാണ് ചോര്‍ന്ന ചോദ്യപ്പേപ്പറിന്റെ പകര്‍ത്തി എഴുതിയ കോപ്പി 12 ഫോട്ടോകളായി ലഭിച്ചത്. ഇത് അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ ഈമെയിലിനു പുറമെ ചോര്‍ച്ച സംബന്ധിച്ച് ഫോണിലും പോലീസിന് സുചന ലഭിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഇക്കണൊമിക്‌സ് പരീക്ഷയുടെ രണ്ടു ദിവസം മുമ്പ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് സന്ദേശം ഫാക്‌സായി സിബിഎസ്ഇക്ക് ലഭിച്ചിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവച്ചില്ല. ഈ ഫാക്‌സ് സന്ദേശം പോലീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ എല്ലാ പരീക്ഷകളും കഴിഞ്ഞ ശേഷമാണ് റദ്ദാക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.
സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളറെ കഴിഞ്ഞ ദിവസം നാലുമണിക്കൂറോളം സമയം ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു രണ്ടു പേരേയും ചോദ്യ ചെയ്തു. ചാദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ സിബിഎസ്ഇ സ്വീകരിച്ച നടപടികളേയും അച്ചടി, വിതരണ സംവിധാനങ്ങളേയും കുറിച്ചാണ് പോലീസ് ഇവരില്‍ നിന്നും വിവരങ്ങളാരാഞ്ഞത്. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപ്പേപ്പര്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്.