ന്യൂദല്‍ഹി- വൈറലായ കുളി ദൃശ്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ മറ്റൊരു കുളി വീഡിയോ പങ്കുവെച്ച് ഉത്തര്‍പ്രദേശ് വ്യവസായ മന്ത്രി നന്ദഗോപാല്‍ ഗുപ്ത. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ വി.ഐ.പി സംസ്‌കാരമില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു മന്ത്രി വീഡിയോ പങ്കുവെച്ചത്.
ഏപ്രില്‍ 30 നായിരുന്നു മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്. ബറേലി ജില്ലാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു. പലരും അഭിനന്ദനവുമായി രംഗത്തെത്തിയപ്പോള്‍ പരിഹാസവുമായി മറ്റു ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വീണ്ടും വീഡിയോ പങ്കുവെച്ചത്.
ശനിയാഴ്ച പങ്കുവെച്ച വീഡിയോയില്‍ ആദ്യത്തെ വീഡിയോ പൈപ്പിനടിയിലിരുന്ന് കുളിക്കുന്നതും രണ്ടാമത്തെ വീഡിയോ വസ്ത്രം ധരിച്ച് പുറത്തു പോകാന്‍ ഒരുങ്ങുന്നതുമായിരുന്നു.
മുന്‍ സര്‍ക്കാരും യോഗി ആദിത്യനാഥ് സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും സാധാരണക്കാരും സര്‍ക്കാരും തമ്മില്‍ അകലമോ വ്യത്യാസമോ ഇല്ലെന്നും അദ്ദേഹം അടിക്കുറിപ്പായി കുറിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ വി.ഐ.പി സംസ്‌കാരമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.