ബിജെപി സഖ്യമില്ലെങ്കില്‍ 15 സീറ്റുകള്‍  അധികം ലഭിക്കുമായിരുന്നു- നായിഡു

ഗുണ്ടൂര്‍- ആന്ധ്രപ്രദേശില്‍ ബിജെപിയുമായി സംഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ തെലുങ്കുദേശം പാര്‍ട്ടി 15 സീറ്റുകളില്‍ കൂടി ജയിക്കുമായിരുന്നുവെന്ന് പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ആന്ധ്ര വിഭജനത്തിനു ശേഷം ബിജെപി സഖ്യത്തില്‍ ചേര്‍ന്നത് രാഷ്ട്രീയ നേട്ടത്തിനായിരുന്നില്ല, വികസനം മാത്രം ലക്ഷ്യമിട്ടായിരുന്നു. എന്നാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്ന വിഷയത്തില്‍ ബിജെപി തെലുങ്കുദേശത്തെ ചതിച്ചുവെന്നും ടിഡിപിയുടെ 37-ാം സ്ഥാപകദിന ആഘോഷ പരിപാടിയില്‍ പ്രസംഗിക്കവെ നായിഡു പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ഏര്‍പ്പാട്  നിര്‍ത്തിയിരിക്കുന്നുവെന്ന കള്ളം പ്രചരിപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇതു നിര്‍ത്തിയെന്ന് ബിജെപി പറയുമ്പോഴും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം നല്‍കിക്കൊണ്ടിരിക്കുകയാണ്. എന്തു കൊണ്ട് നമുക്ക് തരുന്നില്ല. ഇത് നമ്മുടെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.

ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് മാര്‍ച്ച് 16-നാണ് തെലുങ്കുദേശം ബിജെപിയുടെ നേതൃത്തിലുള്ള എന്‍ഡിഎ സഖ്യം വിട്ടത്.

Latest News