കൊച്ചി- സ്ത്രീകള്‍ക്ക് ഒരുപാട് അതിക്രമങ്ങള്‍ സിനിമയില്‍ നേരിടേണ്ടിവരുന്നുണ്ടെന്നും അതിന്റെ പശ്ചാത്തലം എങ്ങനെയാണ് ഒരുങ്ങുന്നതെന്നും എങ്ങനെ സ്ത്രീകള്‍ക്ക് സുരക്ഷിതരാകാമെന്നുമുള്ള കാര്യങ്ങളില്‍ ഒരു പഠന റിപ്പോര്‍ട്ട് ആണ് ഹേമ കമ്മിറ്റിയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നത്. ഒരു സംവാദം ഉണ്ടാകുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് ഉപകരിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കാണുമ്പോള്‍ കാര്യങ്ങളൊന്നും വ്യക്തമാകുന്നില്ല. വിപണിയെ കേന്ദ്രീകരിച്ചുള്ള സിനിമ വ്യവസായത്തില്‍ തുല്യവേതനം പോലുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല- നി മാല പാര്‍വതി പറഞ്ഞു.
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പരാതി പരിഹാര സമിതി (ഐ.സി.സി)യില്‍നിന്ന് മാല പാര്‍വതി രാജിവെച്ചിരുന്നു. വിജയ് ബാബുവിനെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കണമെന്ന ഐസിസിയുടെ ശുപാര്‍ശ അംഗീകരിക്കാത്ത സാഹചര്യത്തിലായിരുന്നു രാജി. വിജയ് ബാബു സ്വമേധയാ മാറിനില്‍ക്കുക എന്നത് അച്ചടക്ക നടപടിയല്ലെന്നും ഐസിസിയെ നോക്കുകുത്തിയാക്കുന്നതാണ് ഇതെന്നും മാലാ പാര്‍വതി ആരോപിച്ചിരുന്നു.
ഐസിസി ശുപാര്‍ശ ചെയ്തതുപോലെ വിജയ് ബാബു എക്സിക്യൂട്ടീവ് കൗണ്‍സിലില്‍നിന്ന് മാറിയല്ലോ എന്നാണ് അവര്‍ പറയുന്നത്. ഒരാള്‍ സ്വയം മാറിനില്‍ക്കുന്നതും മാറ്റിനിര്‍ത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഐസിസി മെമ്പര്‍ ആയിരുന്നുകൊണ്ട് അത്തരമൊരു തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഒരുപാട് ഉത്തരവാദിത്വങ്ങളുള്ള ഒരു സ്ഥാനത്തിരുന്നുകൊണ്ട് ചെയ്യാനാവാത്ത കാര്യമാണ്. മാധ്യമങ്ങളടക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു സംഗതിയാണത്. മനസ്സുകൊണ്ടുപോലും അങ്ങനെയുള്ള ആളുടെ കൂടെനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജിവെച്ചത്. വിജയ് ബാബു റേപ്പ് ആരോപണത്തില്‍ കുറ്റാരോപിതന്‍ മാത്രമായിരിക്കാം. എന്നാല്‍ പരാതിക്കാരിയുടെ പേര് പറയുന്നത് എല്ലാവരും കണ്ടതാണ്. അതില്‍ ആക്ഷന്‍ എടുക്കാതിരിക്കാന്‍ സാധിക്കില്ല- മാല പാര്‍വതി പറഞ്ഞു.