Sorry, you need to enable JavaScript to visit this website.

റഷ്യന്‍ സേന ഉക്രൈനില്‍  ആണ്‍കുട്ടികളേയും പീഡിപ്പിച്ചു 

കീവ്- റഷ്യന്‍ അധിനിവേശം രൂക്ഷമായ ഉക്രൈനില്‍  പുരുഷന്മാരും ആണ്‍കുട്ടികളും റഷ്യന്‍ സൈന്യം നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായ ഘട്ടത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ റഷ്യന്‍ സൈന്യത്തിന്റെ ലൈംഗികാതിക്രമം വ്യാപകമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആണ്‍കുട്ടികളും പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
റഷ്യന്‍ സൈനികര്‍ പുരുഷന്മാരെയും ആണ്‍കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്ത കേസുകളില്‍ വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഉക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ വ്യക്തമാക്കി. പ്രായം ചെന്നവര്‍ പോലും പീഡനങ്ങള്‍ക്ക് ഇരയായതായി അവര്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമെതിരെ നടന്ന പീഡനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് യുഎന്‍ പ്രത്യേക പ്രതിനിധി പ്രമീല പാറ്റന്‍ പറഞ്ഞു. വിഷയം ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് ഉക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പരാതികള്‍ ലഭിച്ചെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് മടിയുണ്ടെന്ന് പ്രമീല പറഞ്ഞു. 'റഷ്യന്‍ സൈന്യത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ വിവരം പുറത്തു പറയാന്‍ സ്ത്രീകളും പെണ്‍കുട്ടികളും മടിക്കുകയാണ്. ഭയവും അപമാനവും മൂലമാണ് അവര്‍ ഇക്കാര്യങ്ങള്‍ പരസ്യമാക്കാന്‍ മടിക്കുന്നത്. ആണ്‍കുട്ടികളും പുരുഷന്മാരും സമാനമായ അവസ്ഥ നേരിടുന്നുണ്ട്. നേരിട്ട പീഡനങ്ങള്‍ തുറന്ന് പറയാന്‍ അവര്‍ക്ക് ഒരു സാഹചര്യം ഉണ്ടാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്- അവര്‍ പറഞ്ഞു.
ഡസന്‍ കണക്കിന് കേസുകള്‍ അന്വേഷണത്തിലാണെന്ന് പ്രമീല വ്യക്തമാക്കി. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. പീഡനങ്ങള്‍ക്ക് ഇരയായവര്‍ അവ തുറന്ന് പറയാന്‍ മുന്നോട്ട് വരണം. കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അവര്‍ വ്യക്തമാക്കി. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും ഉക്രൈന്‍ അധികൃതരും അറിയിച്ചു.
 

Latest News