ഹൈദരാബാദ്- മുസ്ലിം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവാവിനെ നടുറോഡിൽ അടിച്ചു കൊന്നു. ഭാര്യയുടെ സഹോദരനും മറ്റു ബന്ധുക്കളും ചേർന്നാണ് യുവാവിനെ അടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന്(വ്യാഴം) പുറത്തുവന്നു. തിരക്കേറിയ റോഡരികിൽ ഒരു യുവാവ് രക്തം വാർന്നു കിടക്കുന്നതിന്റെയും ഇയാളുടെ ഭാര്യ അക്രമികളോട് എതിരിടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. വലിയ ഇരുമ്പുവടി ഉപയോഗിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്. 25 കാരനായ കാർ വിൽപ്പനക്കാരനാണ് കൊല്ലപ്പെട്ടയാൾ.
'കുട്ടിക്കാലത്തെ പ്രണയിനികൾ' എന്ന് റിപ്പോർട്ടുകളിൽ വിശേഷിപ്പിച്ച ബി നാഗരാജുവും സയ്യിദ് അഷ്രിൻ സുൽത്താനയും മൂന്ന് മാസം മുമ്പാണ് കുടുംബത്തെ വെല്ലുവിളിച്ച് വിവാഹിതരായത്.
ബുധനാഴ്ച രാത്രി 8.45 ഓടെ ദമ്പതികൾ ബൈക്കിൽ വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ രണ്ട് പേർ തടഞ്ഞുനിർത്തി നാഗരാജുവിനെ വലിച്ചിറക്കി ഇരുമ്പ് വടിയും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ടം വേഗത്തിൽ സ്ഥലത്ത് തടിച്ചുകൂടിയിരുന്നെങ്കിലും ആരും ആക്രമണം തടയാൻ ശ്രമിച്ചില്ല. പലരും തങ്ങളുടെ മൊബൈൽ ഫോണുകൾ പുറത്തെടുത്ത് മർദ്ദനം ചിത്രീകരിക്കുകയായിരുന്നു. മർദ്ദനമേറ്റ് അധികം വൈകാതെ നാഗരാജുവിന്റെ ജീവൻ നഷ്ടമായി. സംഭവം കണ്ടുനിന്ന ഒരാൾ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും അയാളെ അക്രമികൾ സംഭവസ്ഥലത്ത്‌നിന്ന് ഓടിച്ചുവിട്ടു. ഏതാനും നിമിഷങ്ങൾക്കകം തന്നെ എല്ലാം കൊലപാതകം അടക്കം സംഭവിച്ചു.
അവർ എന്റെ ഭർത്താവിനെ നടുറോഡിൽ വച്ച് കൊന്നു. അഞ്ച് പേരാണ് ആക്രമിച്ചത്. എന്റെ സഹോദരനും മറ്റുള്ളവരുമായിരുന്നു അക്രമികൾ. ഞങ്ങളെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാൻ എല്ലാവരോടും അപേക്ഷിച്ചു. എന്റെ കൺമുന്നിൽ വെച്ച് അവർ അവനെ കൊന്നു,' സുൽത്താന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ആളുകൾ എന്തിനാണ് വന്നത്? അവർ നോക്കിനിൽക്കുക മാത്രം ചെയ്തു. അവരുടെ കൺമുന്നിലാണ് ഇത് സംഭവിച്ചത്. അവനെ രക്ഷിക്കാൻ ഞാൻ അവന്റെ മേൽ വീണു. പക്ഷേ അവർ എന്നെ തള്ളിമാറ്റി. അവർ ഇരുമ്പ് വടികൊണ്ട് അടിച്ച് തല തകർത്തുവെന്നും സുൽത്താന പറഞ്ഞു.
അക്രമികൾ ഓടി രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ക്യാമറകളിലും ദൃക്സാക്ഷികൾ പകർത്തിയ മൊബൈൽ ഫോൺ വീഡിയോകളും വഴി ഇവരെ തിരിച്ചറിഞ്ഞു. ക്യാമറയിൽ പതിഞ്ഞ കൊലയാളികളെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചു.
നാഗരാജുവും സുൽത്താനയും ജനുവരി 31 ന് ആര്യസമാജത്തിലാണ് വിവാഹിതരായത്. പത്താം ക്ലാസ് മുതൽ ഇവർക്ക് പരസ്പരം അറിയാമായിരുന്നു. അതേസമയം, നാഗരാജുവുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തു. വിവാഹത്തിന് ശേഷം സുൽത്തന തന്റെ പേര് പല്ലവി എന്നാക്കി മാറ്റിയിരുന്നു.
'പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നുള്ള ജീവന് ഭീഷണിയെത്തുടർന്ന് ഞങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നുവെന്നും പോലീസ് അനാസ്ഥ കാരണം ഇന്ന് എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടുവെന്നും നാഗരാജുവിന്റെ സഹോദരി രമാദേവി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.