ന്യൂദൽഹി- കോവിഡ് ബാധിച്ച് ഇന്ത്യയിൽ 47 ലക്ഷം പേർ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട കണക്കിനേക്കാൾ ഒൻപത് ഇരട്ടിയാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്ക്. ലോകത്തെ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യാന്തര വിദഗ്ധ സംഘം തയ്യാറാക്കിയ കണക്കിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ലോകത്ത് ഇതേവരെ കോവിഡ് ബാധിച്ച് ഒന്നര കോടിയിലേറെ പേർ മരിച്ചുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കു പ്രകാരം 54 ലക്ഷം പേരാണ് ഇതേവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരമായ അന്തരമാണ് കോവിഡ് കണക്കുകളിൽ കാണുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്റോസം അദാനോം വ്യക്തമാക്കി. ഈ കണക്കുകൾ സത്യമാണെന്നും ഇനിയും ഒരു ദുരന്തമുണ്ടാകുമ്പോൾ തയ്യാറെടുക്കാൻ ഈ കണക്കുകൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഇന്ത്യ തിരിച്ചടിച്ചു. കോവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കാൻ ലോകാരോഗ്യ സംഘടനയുടെ ഗണിതശാസ്ത്ര മാതൃക ഉപയോഗിക്കുന്നത് ശരിയല്ലെന്നും ഈ കണക്ക് യാഥാർത്ഥ്യത്തിൽ നിന്ന് പൂർണ്ണമായും അകലം പാലിക്കുന്നതാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു. രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ രേഖപ്പെടുത്താൻ ഏറ്റവും ശാസ്ത്രീയമായ സംവിധാനമുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡാറ്റാ ശേഖരണ സംവിധാനം സ്ഥിതിവിവരക്കണക്കിന് അനുയോജ്യമല്ലാത്തതും ശാസ്ത്രീയമായി സംശയാസ്പദവുമാണെന്നും മന്ത്രാലയം പറഞ്ഞു.