Sorry, you need to enable JavaScript to visit this website.

ആപ്പിൾ പണിപ്പുരയിൽ ഫോൾഡബിൾ ഫോൺ

ഐഫോൺ നിർമാതാക്കളായ ആപ്പിളിന്റെ പണിപ്പുരയിൽ മടക്കിവെക്കാവുന്ന ഫോൺ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഫോൾഡബിൾ മൊബൈൽ ഫോൺ പുറത്തിറക്കാൻ ആപ്പിൾ ഇതുവരെ മുതിർന്നിട്ടില്ല. 
തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ 2020 ൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. എൽജി ഡിസ്‌പ്ലേയുമായി ചേർന്ന് ഫോൾഡബിൾ ഐഫോണിന് ആവശ്യമായ ഡിസ്‌പ്ലേ ആപ്പിൾ നിർമ്മിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ആവശ്യമനുസരിച്ച് ഫോൺ ആയും ടാബ്‌ലറ്റ് ആയും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലായിരിക്കും ഫോൾഡബിൾ ഐഫോണിന്റെ രൂപകൽപനയെന്ന് വിദഗ്ധർ പറയുന്നു.
ഐഫോണിന്റെ ഫോൾഡബിൾ ഫോൺ പദ്ധതി നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഫോൾഡബിൾ ഡിസ്‌പ്ലേയ്ക്ക് വേണ്ടി എൽജി ഡിസ്‌പ്ലേയുമായി സഹകരിക്കുമെന്നതിനു പുറമെ, ഫ്‌ളെക്‌സിബിൾ പ്രിന്റഡ് സർക്യൂട്ട് ബോർഡ് നിർമിക്കുന്നതിനായി എൽജി ഇന്നോടെക്കുമായും ആപ്പിൾ സഹകരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. 
ആപ്പിളിന്റെ ഫോൾഡബിൾ ഫോൺ പേറ്റന്റ് അപേക്ഷാ വിവരങ്ങൾ 2014 ൽ പുറത്തു വന്നിരുന്നു. വളയ്ക്കാൻ സാധിക്കുന്ന ഭാഗമുള്ള ഒരു ഇലക്ട്രോണിക് ഉപകരണമെന്നും ഈ ഉപകരണത്തിന് മടക്കാൻ സാധിക്കുന്ന ഡിസ്‌പ്ലേ ഉണ്ടായേക്കാമെന്നും പേറ്റന്റ് അപേക്ഷയിൽ പറഞ്ഞിരുന്നു.
ഐഫോൺ ടെന്നിന്റെ മാതൃകയിലായിരിക്കും ഈ വർഷം പുറത്തിറക്കാനിരിക്കുന്ന ഫോണുകൾ. മൂന്ന് ഫോണുകളാണ് ഈ വർഷത്തെ പരമ്പരയിൽ പുറത്തിറക്കുന്നത്. രണ്ടെണ്ണം ഒഎൽഇഡി ഡിസ്‌പ്ലേയുള്ളവയായിരിക്കും. മൂന്നാമത്തേതിന് എൽസിഡി ഡിസ്‌പ്ലേ ആയിരിക്കും. സെപ്റ്റംബറിൽ പുറത്തിറക്കുന്ന മൂന്ന് ഫോണുകളിലും ടച്ച് ഐഡി ഡിസ്‌പ്ലേയ്ക്ക് പകരം ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനമായിരിക്കും ഉണ്ടാവുക.  
 

Latest News