ഊബറിന്റെ സെൽഫ് ഡ്രൈവിംഗ് കാർ പദ്ധതിക്ക് അമേരിക്കയിലെ അരിസോണ സ്റ്റേറ്റിൽ നിരോധം. ഡ്രൈവറില്ലാ കാർ വരുത്തിയ അപകടത്തിന്റെ ദൃശ്യങ്ങൾ ഞെട്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഊബർ കാറിന്റെ പരീക്ഷണങ്ങൾക്ക് അരിസോണ ഗവർണർ ബ്രെയ്ക്കിട്ടിരിക്കുന്നത്. പൊതുറോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകൾ ഓടിക്കുന്നതും പരീക്ഷിക്കുന്നതും തടയാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഗവർണർ ഡഗ് ഡ്യൂസി ഊബർ ചീഫ് എക്‌സിക്യൂട്ടീവ് ഡാറ ഖുസ്രോഷാഹിക്ക് എഴുതിയ കത്തിൽ പറഞ്ഞു.
അപകടത്തിന്റെ ദൃശ്യം ഞെട്ടിക്കുന്നതാണെന്നും അരിസോണയിൽ ഊബർ പരീക്ഷണം തുടരുന്നത് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നതെന്നും ഓൺലൈനിൽ പ്രസിദ്ധീകരിക്കുക കൂടി ചെയ്ത കത്തിൽ ഗവർണർ പറയുന്നു.
മാർച്ച് 18 ന് ഒരു കാൽനടക്കാരന്റെ മരണത്തിന് കാരണമായ അപകടത്തെ തുടർന്ന് ഊബർ അമേരിക്കയിലെ സെൽഫ് ഡ്രൈവിംഗ് പരിപാടിക്ക് താൽക്കാലിക നിരോധമേർപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന ദാരുണ അപകടത്തെ തുടർന്ന് അപ്പോൾ തന്നെ എല്ലാ നഗരങ്ങളിലെയും സെൽഫ് ഡ്രൈവിംഗ് പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നുവെന്ന് ഊബർ വക്താവ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ എല്ലാ നിലയിലും സഹായിക്കുമെന്നും ഗവർണറുടെ ഓഫീസുമായി ചർച്ച നടത്തി ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും വക്താവ് പറഞ്ഞു.
സെൽഫ് ഡ്രൈവിംഗ് മോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കാൽനടയാത്രക്കാരനെ ഇടിച്ചു കൊല്ലുന്ന ദൃശ്യം കാറിലെ ഡാഷ്‌ക്യാമാണ് പകർത്തിയിരുന്നത്. സിറ്റി ഓഫ് ടെമ്പിളിൽ ഒരു സ്ത്രീയെ ഇടിക്കുന്നതിനു മുമ്പ് അഞ്ച് സെക്കൻഡോളം ഡ്രൈവർ താഴെ എന്തോ തിരയുന്നതായാണ് വീഡിയോയിൽ കാണുന്നത്.
ഒരു സൈക്കിളുമായി നടന്നു നീങ്ങുമ്പോഴണ് സ്ത്രീക്കു മേൽ കാർ ഇടിച്ചതെന്ന് പോലീസ് പുറത്തുവിട്ട വീഡിയോയും ഡാഷ്‌ക്യാം വീഡിയോയും കാണിക്കുന്നു. കാർ ഓട്ടോണമസ് മോഡിലാണ് നീങ്ങിക്കൊണ്ടിരുന്നത്.
കാൽനട യാത്രക്കാരി റോഡ് ക്രോസ് ചെയ്യുന്നതിനായുള്ള സ്ഥലത്തല്ലാതിരുന്നതിനാൽ ഊബറിന്റെ ഭാഗത്തല്ല കുറ്റമെന്ന് പോലീസ് മേധാവി സിൽവിയ മോയർ കഴിഞ്ഞയാഴ്ച സാൻഫ്രാൻസിസ്‌കോ ക്രോണിക്കിളിനോട് പറഞ്ഞിരുന്നു. ഏതു തരത്തിൽ വാഹനം ഓടിച്ചാലും ഈ അപകടം ഒഴിവാക്കാനാകുമായിരുന്നില്ലെന്നും സിൽവിയ മോയർ പറഞ്ഞു. എന്നാൽ സെൽഫ് ഡ്രൈവിംഗ് വാഹന സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിന് പൊതുനിരത്തുകൾ ഉപയോഗിക്കാൻ കമ്പനികളെ അനുവദിക്കാമോ എന്ന ചോദ്യമാണ് ഊബർ വരുത്തിയ അപകടം ഉയർത്തുന്നത്. അതേസമയം, ആളുകൾ ഓടിക്കുന്ന വാഹനങ്ങൾമ വരുത്തുന്ന അപകടങ്ങളെ അപേക്ഷിച്ച് ഓട്ടോണമസ് വാഹനങ്ങളാണ് സുരക്ഷിതമെന്ന് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾക്കായി നിലകൊള്ളുന്നവർ പറയുന്നു. സെൽഫ് ഡ്രൈവിംഗ് സാങ്കേതിക വിദ്യ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം. പ്രാദേശികമായ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ നിർമാണത്തിലൂടെ സാധിക്കുമെന്നതിനാൽ അരിസോണ, കാലിഫോർണിയ പോലുള്ള സ്റ്റേറ്റുകൾ വൻ പ്രോത്സാഹനമാണ് നൽകിയിരുന്നത്.