മുംബൈ- പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനവും സി.ആര്‍.ആര്‍ 0.50 ശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനവും സിആര്‍ആര്‍ 4.50 ശതമാനവുമായി.
മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ധന. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു.
2020 മെയ് മുതല്‍ റിപ്പോ നിരക്ക് നാലു ശതമാനമായി തുടരുകയായിരുന്നു. പണപ്പെരുപ്പ നിരക്കിലെ വര്‍ധന, ഭൗമ രാഷ്ട്രീയ സംഘര്‍ഷം, അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പ്, ആഗോളതലത്തില്‍ കമ്മോഡിറ്റികളുടെ ദൗര്‍ലഭ്യം എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വീധീനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്താ ദാസ് പറഞ്ഞു.