മുവ്വാറ്റുപുഴ- എന്റെ പേഴ്‌സ് കളഞ്ഞു പോയി...കിട്ടുന്നവര്‍ ദയവായി എന്നെ ബന്ധപ്പെടണം....ഫേസ്ബുക്കിലെ ഈ പോസ്റ്റ് പത്തനംതിട്ടയിലെ മുന്‍ കലക്ടറും ഇപ്പോഴത്തെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎഎസിന്റെതാണ്. സമൂഹ മാധ്യമങ്ങളില്‍ വലിയ ആരാധകരുള്ള ഉദ്യോഗസ്ഥനാണ് പി ബി നൂഹ്. മേയ് മൂന്നിന് രാത്രിയാണ് പേഴ്‌സ് നഷ്ടമായതെന്ന് നൂഹ് ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മൂവാറ്റുപുഴയിലെ ഗ്രാന്‍ഡ് സെന്റര്‍ മാളിലെ കാര്‍ണിവല്‍ സിനിമാ ഹാളില്‍ വച്ചാണ് പേഴ്‌സ് നഷ്ടമായതെന്നും നൂഹ് പോസ്റ്റില്‍ പറയുന്നു.
മേയ് മൂന്നിന് രാത്രി 11.15 നുള്ള കെജിഎഫ് ചാപ്റ്റര്‍ ടൂ എന്ന ചിത്രത്തിനാണ് പി ബി നൂഹ് ടിക്കറ്റ് എടുത്തത്. അഞ്ച് പേര്‍ സിനിമ കാണാന്‍ പോയിട്ടുണ്ട്. സിനിമ ടിക്കറ്റ് ഉള്‍പ്പെടെ നൂഹ് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്. ടോമി ഹില്‍ഫിഗര്‍ എന്ന ബ്രാന്‍ഡിന്റെ വാലറ്റാണ് പി ബി നൂഹിന് നഷ്ടമായത്. വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും നൂഹ് പോസ്റ്റിലൂടെ പറയുന്നു. ആര്‍ക്കെങ്കിലും തന്നെ സഹായിക്കാന്‍ സാധിച്ചാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ആ വിവരം മെസേജ് ആയി അയയ്ക്കണമെന്നും നൂഹ് അഭ്യര്‍ഥിക്കുന്നു. പേരും നമ്പറും മാത്രം മെസേജ് ചെയ്താല്‍ മതിയെന്നും താന്‍ തിരികെ ബന്ധപ്പെട്ടുകൊള്ളാമെന്നുമാണ് നൂഹ് അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലാ കലക്ടറായിരുന്നപ്പോഴാണ് പി ബി നൂഹ് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും ഏറ്റവും അധികം സ്ഥാനം പിടിച്ചത്. പ്രളയം മുക്കിയ പത്തനംതിട്ടയെ കരകയറ്റാന്‍ മുന്നില്‍ നിന്ന് നയിച്ചത് പി ബി നൂഹാണ്. പ്രളയം മാറിയപ്പോള്‍ കോവിഡ് വന്നു. കോവിഡ് കാലത്ത് നൂഹ് സ്വീകരിച്ച നടപടികളും ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപ്പിലാക്കിയ പല രീതികളും അന്ന് കേരളം കടന്നും ചര്‍ച്ചയായി. പത്തംതിട്ടക്കാരുടെ മനസ്സില്‍ ഇടം നേടിയ ജില്ലാ കലക്ടറായിരുന്ന നൂഹിന് ഏറ്റവും കൂടുതല്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളിലുണ്ടാകുന്നതും ഈ കാലത്തിലാണ്.