തൃശൂര്‍- മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ എത്തുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടു. റോഷാക്ക് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിട്ടുണ്ട്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു സൈക്കോ ളോജിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നല്‍കുന്ന സൂചന. ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീര്‍ അബ്ദുല്ലയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അതിരപ്പള്ളിയില്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നിമിഷ രവിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ചെയ്യുന്നത് കിരണ്‍ ദാസും സംഗീതം നല്‍കുന്നത് മിഥുന്‍ മുകുന്ദനുമാണ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സഹ നിര്‍മ്മാതാവ് ബാദുഷ. ഡിസി കോമിക്‌സിന്റെ വാച്ച്‌മെന്‍ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോര്‍ഷാക്ക്. അതിന് ശേഷം വാച്ച്‌മെന്‍ എന്ന പേരില്‍ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷന്‍ ചിത്രമായിരുന്നു.
എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ സ്വഭാവമോ, പ്രമേയമോ ഇനിയും പുറത്ത് വിട്ടിട്ടില്ല. ഒരു തരത്തിലുള്ള സൈക്കോളജിക്കല്‍ ടെസ്റ്റിന്റെ പേര് കൂടിയാണ് റോഷാക്ക്. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണയായി ഈ ടെസ്റ്റ് നടത്തുന്നത്. സ്വിസ് സൈക്കോളജിസ്റ്റ് ഹെര്‍മന്‍ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിന്‍രെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്. ഇതുമായി മമ്മൂട്ടി ചിത്രത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും വ്യക്തമായിട്ടില്ല.
മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ എത്തുന്ന ആദ്യത്തെ ചിത്രം മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കമാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഇനിയും പുറത്ത് വിട്ടിട്ടില്ല. മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. എല്‍ജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം പഴനി കന്യാകുമാരി എന്നിവടങ്ങളില്‍ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കത്. മമ്മൂട്ടിയെ കൂടാതെ രമ്യ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്‌ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.