നന്ദലാൽ കൃഷ്ണമൂർത്തിയെന്ന പേര് മലയാളികൾക്ക് വല്ലാത്തൊരു അപരിചിതത്വം സമ്മാനിക്കും. പക്ഷേ, നന്ദുവെന്ന് പറയുമ്പോൾ സിനിമാ പ്രേമികൾക്ക് ആദ്യം ചിരിവരും, തൊട്ടുപിന്നാലെ ഗൗരവക്കാരുമാകും. സംശയിക്കേണ്ട, ഇത് ആ നന്ദുതന്നെ. ആദ്യകാലത്ത് ഹാസ്യചിത്രങ്ങളിലും ഹാസ്യവേഷങ്ങളിലും പ്രേക്ഷകർ ശ്രദ്ധിച്ച നന്ദു.
പിന്നീട് 2012 ൽ പുറത്തിറങ്ങിയ രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രമായ സ്പിരിറ്റിലൂടെയാണ് നന്ദുവിലെ അഭിനയ പ്രതിഭയെ സിനിമാ ലോകം തിരിച്ചറിഞ്ഞത്- ഒപ്പം, മലയാള സിനിമാ പ്രേക്ഷകരും!
മദ്യപാനിയായ പ്ലംബർ മണിയനാണ് നന്ദുവിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ്. നീണ്ട മുപ്പത് വർഷമായി സിനിമാ ലോകത്തുള്ള നന്ദുവിന് തന്റേതായ ബ്രേക്ക് നൽകിയ കഥാപാത്രമായിരുന്നു പ്ലംബർ മണിയൻ. നന്ദുവെന്ന കോമഡി താരത്തിന്റെ പരകായ പ്രവേശവും അതിലൂടെ മികച്ച കഥാപാത്രങ്ങളിലേക്കുള്ള യാത്രയുമായിരുന്നു സ്പിരിറ്റ്. പിന്നീട് ശ്രദ്ധേയമായ വേഷങ്ങളാണ് നന്ദുവിനെ തേടിയെത്തിയത്.
സിനിമയിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം തൊടാൻ ശ്രമിച്ച നന്ദുവിനുമുണ്ട് സിനിമാക്കഥപോലൊരു ജീവിതാനുഭവം. കഥപറയുമ്പോൾ എന്ന സിനിമയിൽ മമ്മൂട്ടിയും ശ്രീനിവാസനും അഭിനയിച്ചു തകർത്ത് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയ വേഷം നന്ദുവും സുഹൃത്ത് സുനിൽ എ അൻവറും വർഷങ്ങൾക്കു മുമ്പ് സ്വന്തം ജീവിതത്തിൽ അനുഭവിച്ചിരുന്നു. ആ കഥ ഇങ്ങനെ-
അശോക് രാജും ബാർബർ ബാലനും
സൂപ്പർസ്റ്റാർ അശോക് രാജെന്ന രാജന്റെ മകൻ അശോകൻ യാദൃച്ഛികമായാണ് ആ മലയോര ഗ്രാമത്തിൽ സിനിമാ ഷൂട്ടിംഗിനെത്തുന്നത്. നാട്ടിൽ ഉത്സവ പ്രതീതിയാണ് സിനിമാ ഷൂട്ടിംഗുണ്ടാക്കിയത്. സൂപ്പർ സ്റ്റാർ തങ്ങളുടെ നാട്ടിൽ വന്നപ്പോൾ ആളുകൾക്ക് അദ്ദേഹത്തെ കാണാൻ വലിയ ആഗ്രഹം. പക്ഷേ, കനത്ത സുരക്ഷാ മതിൽക്കെട്ടുകൾ ഭേദിച്ച് അവർക്ക് അശോക് രാജിനെ നേരിൽ കാണാനായില്ല. അതിനിടയിലാണ് ഗ്രാമത്തിലെ ബാർബർ ബാലന്റെ സുഹൃത്താണ് അശോക് രാജെന്ന ശ്രുതി നാട്ടിൽ പരക്കുന്നത്. ബാലനാകട്ടെ അത് ശരിയാണെന്നോ തെറ്റാണെന്നോ പറയുന്നുമില്ല. സംഭവബഹുലമായി കഥ പുരോഗമിക്കുന്നതിനിടയിലാണ് ഷൂട്ടിംഗിന്റെ അവസാന ദിവസം സ്കൂളിന്റെ വാർഷികത്തിൽ അശോക് രാജ് മുഖ്യാതിഥിയായി എത്തുന്നത്. തന്റെ പ്രസംഗത്തിൽ അദ്ദേഹം ബാല്യകാല സുഹൃത്തായ ബാലനെക്കുറിച്ചോർത്ത് വിതുമ്പുന്നു. അശോക് രാജെന്ന സൂപ്പർ താരത്തിന്റെ അഭിനയിക്കാനുള്ള കഴിവും മോഹവും ആദ്യം മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചത് ബാലനായിരുന്നുവെന്ന് അദ്ദേഹം ഉറക്കെപ്പറയുമ്പോൾ വിതുമ്പിപ്പോകുന്നുണ്ട്.
തന്റെ ഉറ്റ ചങ്ങാതി ബാർബർ ബാലനെ കാണാൻ അയാളുടെ വീട്ടിൽ വന്നുകയറുന്ന അശോക് രാജ് ചോദിക്കുന്ന ചോദ്യമുണ്ട്: 'ബാലാ, നിന്നെ കണ്ടെത്താൻ എനിക്ക് പ്രയാസമായിരിക്കും. പക്ഷേ, എന്നെ കണ്ടെത്താൻ നിനക്കെളുപ്പമായിരുന്നില്ലേ?'.
ഈ ചോദ്യം നന്ദു തന്റെ ജീവിതത്തിൽ പല തവണ സ്വയം ചോദിച്ചിട്ടുണ്ട്, 'സുനിൽ അൻവർ, നിന്നെ കണ്ടെത്താൻ എനിക്ക് ചിലപ്പോൾ പ്രയാസമായിരിക്കും. പക്ഷേ, എന്നെ നിനക്ക് എളുപ്പത്തിൽ കണ്ടെത്താമല്ലോ?'
നന്ദുവും സുനിൽ എ അൻവറും
നന്ദുവിന്റെ സ്കൂളിലെ കൂട്ടുകാരനായിരുന്നു സുനിൽ എ അൻവർ. കൂട്ടുകാരനെന്ന് പറഞ്ഞാൽ വെറും കൂട്ടുകാരനല്ല, വളരെ അടുത്ത 'ബഡ്ഡി'. സ്കൂളും കോളേജും കഴിഞ്ഞതിന് ശേഷം നന്ദുവിന് നഷ്ടമായെന്ന തോന്നിയ സൗഹൃദം സുനിൽ എ അൻവറിന്റേതായിരുന്നു. ജീവിതത്തിലെ ഓട്ടത്തിനിടയിൽ പഴയ സൗഹൃദങ്ങളെ പലരേയും നേരിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തപ്പോഴും സുനിൽ മാത്രം കാണാനാവാത്തത്രയും അകലത്തിലായിപ്പോയിരുന്നു.
സുനിലേ, നിനക്കെന്നെ തിരിച്ചറിയാമല്ലോ, നിനക്കെന്നെ ബന്ധപ്പെടാമല്ലോ എന്ന് പല തവണ നന്ദു മനസ്സിൽ വിചാരിച്ചിട്ടുണ്ടായിരുന്നു. ഒരുപക്ഷേ, ഇനി താൻ സുനിൽ എ അൻവറിനെ കണ്ടുമുട്ടുമെന്നും നന്ദു കരുതിയിരുന്നില്ല.
പഴയ കൂട്ടുകാരെ പലരേയും നേരിൽ കാണുമ്പോൾ അവർ തന്നെ തേടി വരാൻ വൈകിയതിനെ കുറിച്ച് നന്ദു അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. അവരുടെ പഴയ നന്ദലാൽ, മലയാള സിനിമയിലെ നന്ദുവാണെങ്കിലും അവർക്ക് വരാമല്ലോ. എല്ലാ സിനിമാക്കാരോടും പറയാവുന്ന സ്ഥിരം ഡയലോഗ് തന്നെയായിരുന്നു നന്ദുവിനോടും അവർ നല്കിയ മറുപടി. 'ഞങ്ങൾ പേടിച്ചിട്ടാണ് സൗഹൃദം ഓർമിപ്പിക്കാൻ വരാതിരുന്നത്. നീ ചിലപ്പോൾ ജാഡ കാണിച്ചാലോ?'
ജാഡയ്ക്കാരല്ല, സിനിമാക്കാരും മനുഷ്യരാണെന്ന് പലപ്പോഴും പൊതുസമൂഹം തിരിച്ചറിയാറില്ല.
സ്കൂൾ കാലം കഴിഞ്ഞ് വർഷങ്ങൾ ഏറെ പിന്നിട്ടു.. രണ്ടോ രണ്ടരയോ പതിറ്റാണ്ടുകൾക്കപ്പുറത്തൊരു ദിനം. നന്ദു നാട്ടിലേക്ക് മടങ്ങാനായി മലേഷ്യൻ വിമാനത്താവളത്തിൽ എമിഗ്രേഷൻ കഴിഞ്ഞിരിക്കുന്നു. വിമാനത്തിന് ഇനിയും കുറേ സമയമുള്ളതിനാൽ എയർപോർട്ടിനകത്തെ വൈ ഫൈ കണക്ട് ചെയ്ത് മൊബൈലിൽ കുത്തിയിരിക്കവെയാണ് പെട്ടെന്നൊരു സന്ദേശം വന്നു കയറിയത്- 'നിനക്കോർമയുണ്ടോ, ഇതാരാണെന്ന്?'
'ഇല്ല, ആരാണെന്ന് പറയൂ.'
'ഞാനാണ്, സുനിൽ എ അൻവർ'
ആ പേര് വായിച്ചതും നന്ദുവിന്റെ കണ്ണിൽ നിന്നും കണ്ണീർ പുറത്തേക്ക് ചാടിയതും ഒന്നിച്ചായിരുന്നു. സ്തംബ്ധനായിപ്പോയ നന്ദുവിന് കുറച്ചു നേരത്തേക്ക് ലോകം മുഴുവൻ ഒരു തുള്ളി കണ്ണീരിനകത്തായിരുന്നു.
'ഞാനിപ്പോൾ വിമാനത്താവളത്തിലിരിക്കുകയാണ്. നാട്ടിലെത്തിയ ഉടൻ നിന്നെ തിരിച്ചു വിളിക്കാം.'
സമനില വീണ്ടെടുത്ത നന്ദു മറുസന്ദേശം അയച്ചു.
ഇനി ഈ സംഭവം വിവരിക്കാൻ നന്ദുവിന്റെ വാക്കുകൾ തന്നെയാണ് അനുയോജ്യം: 'ഞാൻ അവിടെയിരുന്ന് കരയുകയായിരുന്നു. അടുത്തിരുന്നവരൊക്കെ എന്റെ കരച്ചിൽ കണ്ട് ശ്രദ്ധിക്കുന്നുണ്ട്. വിമാനത്തിൽ കയറുമ്പോഴും അതിനകത്തിരിക്കുമ്പോഴുമെല്ലാം ഞാൻ കരച്ചിൽ തുടരുകയായിരുന്നു.'
നാട്ടിൽ തിരികെയെത്തിയ നന്ദു ആദ്യം ചെയ്തത് സുനിൽ എ അൻവറിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. അബൂദാബിയിൽ ജോലി ചെയ്യുകയായിരുന്നു സുനിൽ.
'എടാ നീ എനിക്കൊരു വിസയെടുത്ത് തരൂ, ഞാനുടൻ അങ്ങോട്ടെത്താം.'
നന്ദു പറഞ്ഞതുകേട്ട് ഒരുപക്ഷേ മറുതലയ്ക്കൽ സുനിൽ എ അൻവർ ഞെട്ടിപ്പോയിട്ടുണ്ടാകാം. അപ്രതീക്ഷിതമായൊരു മറുപടി! എന്തായാലും നാലാം ദിവസം സുനിലിനെ തേടി നന്ദു അബുദാബിയിലെത്തി.
പിന്നീട് നന്ദുവും കുടുംബവും സുനിലിന്റെ അബുദാബിയിലെ വീട്ടിൽ പോയി താമസിച്ചിട്ടുണ്ട്. സൗഹൃദത്തിന് വലിയ വില കൽപ്പിക്കുന്ന വ്യക്തിയാണ് നന്ദു.
ചെറിയ വേഷങ്ങളും ഹാസ്യകഥാപാത്രങ്ങളും മാത്രം ചെയ്ത് തന്റെ സിനിമാ ജീവിതം അവസാനിച്ചു പോകുമെന്ന് നന്ദു ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ ചെറിയ വേഷങ്ങൾക്കുമപ്പുറം തന്റെ ഒരു കാലം വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മനസ്സിൽ നഷ്ടപ്പെടാതെ സൂക്ഷിച്ച പ്രതീക്ഷ അദ്ദേഹത്തെ പിന്നേയും പിന്നേയും മുമ്പോട്ടേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു. അല്ലായിരുന്നുവെങ്കിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ നീണ്ട 26 വർഷക്കാലം നന്ദുവിനെ പോലൊരാൾ കാത്തുനിൽക്കുമായിരുന്നില്ല. സ്പിരിറ്റിലെ പ്ലംബർ മണിയനെത്തുവോളം നന്ദുവിന്റെ കാത്തിരിപ്പ് നീണ്ടു. പക്ഷേ, പിന്നീട് നന്ദുവിലെ അഭിനയ പ്രതിഭയെ മലയാള ചലച്ചിത്ര ലോകം തിരിച്ചറിയുക തന്നെ ചെയ്തു. ആദ്യത്തെ 26 വർഷത്തിനകം നൂറ്റി ഇരുപതോളം സിനിമകളിൽ വേഷമിട്ട നന്ദു പിന്നീടുള്ള നാല് വർഷത്തിനകം എൺപതോളം സിനിമകളാണ് പൂർത്തിയാക്കിയത്. അതിൽ നായകന്റേതുൾപ്പെടെയുള്ള സിനിമകൾ പുറത്തുവന്നു.
നഷ്ടങ്ങളിൽ പോലും നന്മയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന നന്ദു തനിക്ക് നഷ്ടത്തിലൂടെ ഭാഗ്യം വന്ന വഴിയെ കുറിച്ചും പറയുന്നു.
മാത്തുക്കുട്ടിയുടെ കടൽ
ഒരു ചെറിയ സിനിമയെന്ന് പരിചയപ്പെടുത്തിയാണ് ഒരുകൂട്ടം സിനിമാ പ്രവർത്തകർ നന്ദുവിനെ സമീപിച്ചത്. ചേട്ടാ, പ്രതിഫലത്തിൽ കുറവ് വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. ചെറിയ സിനിമയല്ലേ, താനും സഹിച്ചേക്കാമെന്ന് കരുതി തന്റെ പ്രതിഫലം കുറച്ചാണ് നന്ദു അവരുമായി കരാറായത്. പക്ഷേ, ഷൂട്ടിംഗ് തുടങ്ങാൻ ഒരാഴ്ച ബാക്കിയിരിക്കെ സിനിമാ പ്രവർത്തകരുടെ വിളി വന്നു. ചേട്ടാ, നിർമാതാവ് പറയുന്നു, കുറച്ചുകൂടി പ്രതിഫലം കുറക്കണമെന്ന് എന്നായിരുന്നു ആവശ്യം. അതോടെ നന്ദു തന്റെ നിലപാട് വ്യക്തമാക്കി. പ്രതിഫലമല്ല പ്രശ്നം, മത്തിക്കച്ചവടം പോലെ തോന്നിയതുപോലുള്ള വിലപേശലിൽ തനിക്ക് താത്പര്യമില്ല. ഈ സിനിമയില്ലാതെ വീട്ടിലിരുന്നാലും കുഴപ്പമില്ല. പ്രസ്തുത സിനിമയുമായുള്ള കരാർ തുടരാനാവില്ലെന്ന് അദ്ദേഹം കട്ടായം പറഞ്ഞു.
പ്രതിഫലം കുറയുന്നതായിരുന്നില്ല നന്ദുവിനെ ചൊടിപ്പിച്ചത്. ഒരിക്കൽ പറഞ്ഞ കാര്യം പിന്നേയും പിന്നേയും മാറ്റിപ്പറയുന്നതിലും വാക്കിന് വിലയും സ്ഥിരതയുമില്ലാത്തതുമായിരുന്നു ആ ചിത്രം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷേ, ആ ചിത്രം ഉപേക്ഷിച്ചത് നന്ദുവിന് ഗുണമായി. പിറ്റേന്ന് രാവിലെ സംവിധായകൻ രഞ്ജിത്തിന്റെ വിളി വന്നു. രണ്ടു ദിവസത്തിനകം ചിത്രീകരണം തുടങ്ങുന്ന സിനിമയ്ക്ക് ഇരുപത് ദിവസത്തെ ഡേറ്റുവേണമെന്നായിരുന്നു ആവശ്യം. നന്ദുവിനെ കിട്ടിയില്ലെങ്കിൽ മാത്രം മറ്റൊരു നടനെ തേടുമെന്നും രഞ്ജിത് പറഞ്ഞു. ഡേറ്റുണ്ടെങ്കിൽ ചിത്രീകരണത്തിനായി രണ്ടു ദിവസത്തിനകം തിരുവല്ലയിൽ എത്താനായിരുന്നു ആവശ്യം. നന്ദു നേരെ തിരുവല്ലയ്ക്ക് വെച്ചുപിടിച്ചു. മമ്മൂട്ടിയോടൊപ്പം മുഴുനീളവേഷമായിരുന്നു ആ സിനിമയിൽ രഞ്ജിത് നന്ദുവിനായി നീക്കിവെച്ചിരുന്നത്. കടൽ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു ആ സിനിമ!
വളരെ ചെറുതെങ്കിലും ലാൽ ജോസിന്റെ ഇമ്മാനുവൽ ദൈവം നമ്മോടുകൂടെയിലും നന്ദു മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇൻഷൂറൻസ് കമ്പനിക്കു വേണ്ടി തന്റെ ചീട്ടുകൾ മാറ്റിയെഴുതുന്ന ഡോക്ടർ രാമകൃഷ്ണന്റെ വേഷമായിരുന്നു ഇമ്മാനുവലിൽ നന്ദുവിന്.
വേണുനാഗവള്ളി സംവിധാനം ചെയ്ത സർവ്വകലാശാലയിലാണ് നന്ദു ആദ്യമായി അഭിനയിച്ചത്. അതിന് മുമ്പ് പ്രിയദർശന്റെ ചെപ്പ് എന്ന ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അതിൽ അഭിനയിക്കാനായില്ല.
തിരുവനന്തപുരത്ത് എം. ജി രാധാകൃഷ്ണന്റെ വീട്ടിനടുത്താണ് നന്ദുവിന്റെ താമസം. സംഗീതത്തിൽ താത്പര്യമുള്ള നന്ദു അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനും പരിപാടികളിലെ സാന്നിധ്യവുമായിരുന്നു. അങ്ങനെയാണ് എം ജി രാധാകൃഷ്ണന്റെ വീട്ടിലെത്തുന്ന ചലച്ചിത്രകാരന്മാരുമായി അദ്ദേഹം പരിചയത്തിലായത്. പ്രിയദർശൻ, മോഹൻലാൽ, എം.ജി ശ്രീകുമാർ തുടങ്ങിയവരെല്ലാം പരിചിത വലയത്തിലേക്ക് എത്തിയതും എം.ജി രാധാകൃഷ്ണൻ വഴിയായിരുന്നു.
സിനിമയിൽ താരങ്ങളേക്കാളും സംവിധായകരേക്കാളും പ്രാധാന്യം കഥയ്ക്കാണെന്നാണ് നന്ദു വിശ്വസിക്കുന്നത്. ഇരുന്നൂറോളം മലയാള സിനിമകളിൽ വേഷമിട്ടിട്ടുള്ള നന്ദു ഏഴ് ഹിന്ദി സിനിമകളിലും രണ്ട് തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.