രാജ്കോട്ട്- സ്ത്രീയെയും കാമുകനെയും മര്‍ദിച്ചവശരാക്കി ആഭരണങ്ങളടക്കം കൊള്ളയടിച്ച കേസില്‍ ബന്ധു ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശികളായ വിജയ് മൊഹാനിയ, കൂട്ടാളികളായ അരവിന്ദ് ഹാഥില, ലക്ഷ്മണ്‍ ഭുരിയ, മെഹുല്‍ ഭുരിയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാജ്കോട്ടിലെ സനോസര ഗ്രാമത്തില്‍ താമസിക്കുന്ന കാന്ത എന്ന സ്ത്രീയെയും ഇവരുടെ കാമുകനായ വിര്‍ജിയെയുമാണ് അക്രമിസംഘം മര്‍ദിച്ചത്. ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും പണവും സംഘം മോഷ്ടിക്കുകയായിരുന്നു.
കാന്തയുടെ ബന്ധുവായ വിജയ് മൊഹാനിയയാണ് ആക്രമണവും കവര്‍ച്ചയും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കാന്തയും ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് സോമയും വര്‍ഷങ്ങളായി രാജ്കോട്ടിലെ സനോസര ഗ്രാമത്തിലാണ് താമസം. ഏതാനും വര്‍ഷം മുമ്പ് ഇരുവരും പത്ത് ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. കൃഷിയില്‍ സഹായത്തിനായാണ് കാന്ത വിജയ് മൊഹാനിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിജയ് മൊഹാനി ഗ്രാമത്തിലെത്തി താമസം ആരംഭിച്ചു.
ഇതിനിടെയാണ് ബന്ധുവായ കാന്തക്ക് വിര്‍ജി എന്നയാളുമായി രഹസ്യബന്ധമുണ്ടെന്ന് വിജയ് മനസിലാക്കിയത്. ഇതോടെ ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് യുവാവ് ബന്ധുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ രഹസ്യബന്ധം വിജയ് അറിഞ്ഞതോടെ ഇയാളെ എങ്ങനെയെങ്കിലും പറഞ്ഞയക്കാനായിരുന്നു സ്ത്രീയുടെ ശ്രമം. തുടര്‍ന്ന് ജോലിയെടുത്തതിന്റെ വേതനം പോലും നല്‍കാതെ സ്ത്രീ വിജയിയെ നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടുകയായിരുന്നു.
സ്വന്തം ഗ്രാമത്തില്‍ തിരികെയെത്തിയ വിജയ്, കാന്തയുടെ രഹസ്യബന്ധത്തെക്കുറിച്ചും വേതനകുടിശ്ശികയെക്കുറിച്ചും ബന്ധുക്കളായ യുവാക്കളോട് പറഞ്ഞു. ഇതോടെയാണ് കാന്തയെ ഒരു പാഠം പഠിപ്പിക്കണമെന്ന് സംഘം തീരുമാനിച്ചത്. തുടര്‍ന്ന് അഞ്ചംഗസംഘം ഓട്ടോയില്‍ സനോസര ഗ്രാമത്തിലെത്തുകയും കാന്തയെയും കാമുകനെയും വീട്ടില്‍ക്കയറി മര്‍ദിക്കുകയുമായിരുന്നു. സ്ത്രീയും കാമുകനും വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് അക്രമിസംഘം എത്തിയത്. ഇരുവരെയും മര്‍ദിച്ച അക്രമിസംഘം, പിന്നാലെ ഭീഷണിപ്പെടുത്തി ആഭരണവും പണവും കവരുകയായിരുന്നു.