ന്യൂദല്‍ഹി- ലഖ്‌നൗവില്‍ നിന്നും ദല്‍ഹിയിലെത്തിയ എയര്‍ വിസ്താര വിമാനത്തിലെ ജീവനക്കാരിയെ കടന്നുപിടിച്ച വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പുനെക്കാരനായ വ്യവസായി തന്നെ മോശമായ രീതിയില്‍ പിടിച്ചുവെന്ന എയര്‍ ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്നാണ് ദല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ ഇയാളെ അറസ്റ്റ് ചെയ്തത്. നാലു ദിവസം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്. യാത്രക്കാരന്‍ ലൈംഗികാതിക്രമം കാട്ടിയെന്ന് ജീവനക്കാരി പരാതിപ്പെട്ടിരുന്നുവെന്നും യാത്രക്കാരുടെ ഭാഗത്തു നിന്നുള്ള ഇത്തരം സമീപനങ്ങളെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും വിസ്താര അറിയിച്ചു. ലൈംഗികാതിക്രമ കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.