ഗ്വാളിയോര്‍- മധ്യപ്രദേശില്‍ ലൗ ജിഹാദ് ആരോപിക്കപ്പെട്ട സംഭവത്തില്‍ പ്രതികളുടെ വീടുകള്‍ ജില്ലാ അധികൃതര്‍ തകര്‍ത്തു. ഗ്വാളിയോര്‍ ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ജില്ലാ അധികൃതരുടെ നടപടി.
വിവാഹ ശേഷം മതംമാറാന്‍ തയാറാകാത്ത യുവതിയെ ഭര്‍ത്താവും രണ്ട് സഹോദരന്മാരും ഒരു മൗലാനയും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു.
2021 ജനുവരിയില്‍ ഒരു പരിപാടിയില്‍ വെച്ചാണ് പ്രതിയെ കണ്ടുമുട്ടിയതെന്ന് ദാബ്ര സ്വദേശിനിയായ യുവതി പോലീസിനോട് പറഞ്ഞു. രാജു ജാതവ് എന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് സുഹൃത്തുക്കളായത്. തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്രം നടത്തുകയും ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു.
വിവാഹശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ മതത്തെക്കുറിച്ചും പേര് ഇംറാനാണെന്നും അറിഞ്ഞത്. യുവാവിനോടൊപ്പം ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു മൗലാനയെത്തി വിവാഹം സാധുവല്ലെന്നും മുസ്ലിം ആചാരപ്രകാരം വിവാഹം കഴിക്കണമെന്നും അതിനായി മതം മാറണമെന്നും ആവശ്യപ്പെട്ടു.
മതം മാറാന്‍ വിസമ്മതിച്ചപ്പോള്‍ ഭര്‍തൃ സഹോദരന്മാരും മൗലാനയും തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി പറയുന്നു. ഇതിനു പുറമെ ഭര്‍തൃമാതാവ് തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതായും യുവതി ആരോപിച്ചു. മുറിയില്‍ പൂട്ടിയിട്ട തന്നെ ഏതാനും യുവാക്കളെത്തി ബലാത്സംഗം ചെയ്തുവെന്നും യുവതി പോലീസിനോട് പറഞ്ഞു. ഏപ്രില്‍ 20 ന് മുറിയുടെ വാതില്‍ തുറന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയാണ് സംഭവങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഇംറാന്‍, സഹോദരീ ഭര്‍ത്താക്കന്‍മാരായ അമന്‍, പുന്നി, മൗലാന ഉസാമ ഖാന്‍, രണ്ട് അജ്ഞാതര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി ഗ്വാളിയോര്‍ പോലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികള്‍ ഒളിവിലാണെന്നും അദ്ദേഹം പറഞ്ഞു.