ന്യൂദല്‍ഹി- 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ 'എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ്' രൂപവത്കരിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ (പി.കെ) പാര്‍ട്ടി പ്രവേശനത്തില്‍ പക്ഷെ ഇപ്പോഴും അന്തിമ തീരുമാനമായില്ല.
പാര്‍ട്ടിയെ പുനരുജ്ജീവിക്കാന്‍ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിനു പിന്നാലെയാണ് സുര്‍ജെവാല ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുര്‍ജേവാല പ്രതികരിച്ചില്ല.
രാജസ്ഥാനിലെ ഉദയ്പൂരില്‍ മേയ് 13 മുതല്‍ 15 വരെ 'നവസങ്കല്പ് ചിന്തന്‍ ശിബിര്‍' സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും സുര്‍ജെവാല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 400 പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും അവ സമൂഹത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും നവസങ്കല്പ് ചിന്തന്‍ ശിബിറില്‍ ചര്‍ച്ചചെയ്യും.
കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റു പിന്നോക്ക ജാതിക്കാര്‍, ഭാഷാ-മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും. സാമൂഹികനീതി-ശാക്തീകരണം തുടങ്ങിയവയും ചര്‍ച്ചചെയ്യും.
പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ സോണിയാഗാന്ധി എട്ടംഗ സമിതി രൂപവത്കരിച്ചിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് രൂപവത്കരിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചത്. സമിതി അംഗങ്ങളായ കെ.സി. വേണുഗോപാല്‍, ദിഗ് വിജയ് സിങ്, അംബികാ സോണി, രണ്‍ദീപ് സിങ് സുര്‍ജെവാല, ജയ്റാം രമേശ്, പ്രിയങ്കാ ഗാന്ധി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.