Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നഷ്ടത്തിൽ

ഫണ്ടുകൾക്കിടയിലെ മത്സരത്തിൽ മുൻനിര ഓഹരി ഇൻഡക്‌സുകൾ ആടി ഉലഞ്ഞു. മുൻവാരം സൂചിപ്പിച്ചതാണ് പുൾ ബാക്ക് റാലിക്ക് വീര്യം കൂടാൻ ചാഞ്ചാട്ടം ശക്തമാകുമെന്ന്. ബോംബെ  സെൻസെക്‌സ് 1141 പോയന്റും നിഫ്റ്റി 303 പോയന്റും നഷ്ടത്തിലാണ്. തുടർച്ചയായ രണ്ടാം വാരമാണ് സൂചികയ്ക്ക് തിരിച്ചടി നേരിടുന്നത്. നാണയപെരുപ്പത്തെ കുറിച്ചുള്ള ആശങ്കയിൽ വിദേശ ഫണ്ടുകൾ ബാധ്യതകൾ കുറക്കുന്നുണ്ട്. അതേ സമയം ആഭ്യന്തര ഫണ്ടുകൾ ഓഹരികൾ വാങ്ങിക്കൂട്ടി വിപണിയുടെ മുഖഛായ മിനുക്കുകയാണ്. ആദ്യ നാല് ദിവസങ്ങളിൽ ആഭ്യന്തര ഫണ്ടുകൾ 12,792 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. വിദേശ ഓപറേറ്റർമാർ ഈ ദിനങ്ങളിൽ വിറ്റഴിച്ചത് 15,982 കോടി രൂപയുടെ ഓഹരികളാണ്. 
നിക്ഷേപം തിരിച്ചു പിടിക്കാൻ അവർ കാണിച്ച വ്യഗ്രത വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലും ചാഞ്ചാട്ടമുളവാക്കി. രൂപ 76.33 ൽ നിന്നും 76.71 ലേയ്ക്ക് ദുർബലമായെങ്കിലും വാരാവസാനം 76.29 ലാണ്. 
മുൻനിര ഓഹരികളായ എസ് ബി ഐ, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡോ: റെഡീസ്, സൺ ഫാർമ, എൽ ആന്റ് റ്റി, ഇൻഫോസീസ്, വിപ്രോ, എയർടെൽ, ഐ റ്റി സി തുടങ്ങിയ ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. ആർ ഐ എൽ, മാരുതി, എം ആന്റ് എം, എച്ച് യു എൽ തുടങ്ങിയവയിൽ നിക്ഷപകർ  താൽപര്യം കാണിച്ചു. നിഫ്റ്റി 17,475 പോയന്റിൽ നിന്നും സാങ്കേതിക തിരുത്തലിൽ മുൻവാരം സൂചിപ്പിച്ച 16,974 ലെ സപ്പോർട്ട് തകർത്ത് 16,868 വരെ താഴ്ന്ന ശേഷം 17,400 റേഞ്ചിലേക്ക് തിരിച്ചു കയറി. ഈ അവസരത്തിൽ ഉടലെടുത്ത ഷോട്ട് പൊസിഷനുകൾ സൂചികയെ വീണ്ടും ദുർബലമാക്കിയതോടെ വാരാന്ത്യം 17,171 പോയന്റിലാണ്. ഈ വാരം മുന്നേറ്റത്തിന് ശ്രമിച്ചാൽ 17,428-17,685 പോയന്റിൽ തടസ്സം നേരിടും. വിൽപന സമ്മർദമുണ്ടായാൽ 16,891-16,611 ൽ താങ്ങ് പ്രതീക്ഷിക്കാം. പാരാബോളിക്ക് എസ് എ ആർ സെല്ലിങ് മൂഡിൽ തുടരുകയാണ്. സൂപ്പർ ട്രെന്റും സെല്ലിങിലേയ്ക്ക് പ്രവേശിച്ചു.
സെൻസെക്‌സ് 58,338 പോയന്റിൽ നിന്നും വാരമധ്യം 56,188 ലേക്ക് ഇടിഞ്ഞങ്കിലും തിരിച്ചു വരവിൽ 57,963 വരെ ഉയർന്നു. ഈ അവസരത്തിൽ പ്രോഫിറ്റ് ബുക്കിങിന് ഓപറേറ്റർമാർ ഉത്സാഹിച്ചതോടെ സൂചിക 57,197 ലേക്ക് താഴ്ന്നു. ഈ വാരം സെൻസെക്‌സിന് 58,044-58,891 റേഞ്ചിൽ പ്രതിരോധവും 56,269-55,341 താങ്ങും പ്രതീക്ഷിക്കാം. 
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 18 ലാണ് നീങ്ങുന്നതെങ്കിലും സൂചികയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 23 ലേക്ക് സഞ്ചരിക്കാം. ഈ പ്രതിരോധം മറികടന്നാൽ 26.70 റേഞ്ചിലേക്കും ഉയരാം. അപായ സൂചന നൽകും വിധം മുന്നേറിയാൽ നിക്ഷേപകർ രംഗത്ത് നിന്ന് താൽക്കാലികമായി അകലുന്നതാവും അഭികാമ്യം. യുദ്ധ സാഹചര്യത്തിൽ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന ടാറ്റാ സ്റ്റീലിന്റെ വെളിപ്പെടുത്തൽ വിപണിയെ സ്വാധീനിക്കും. അതേ സമയം ഇന്ത്യയുമായി പുതിയ സ്വതന്ത്ര വ്യാപാര കരാറിനുള്ള ബ്രിട്ടന്റെ നീക്കം അനുകൂല തരംഗം സൃഷ്ടിക്കും. വർഷാവസാനത്തോടെ ഇതിനുള്ള സാധ്യതകൾ തെളിയും. ഐ ടി, പ്രോഗ്രാമിങ് മേഖലയിൽ ബ്രിട്ടനിൽ ലക്ഷക്കണക്കിന് വിദഗ്ധരുടെ ആവശ്യമുള്ളത് നേട്ടമാക്കാൻ ദക്ഷിണേന്ത്യക്കാവും.
ഇതിനിടയിൽ ഇന്ത്യ , യു എ ഇ വാണിജ്യകരാർ അടുത്ത ഞായറാഴ്ച പ്രാബല്യത്തിൽ വരും. സാമ്പത്തിക മേഖലക്ക് നേട്ടം പകരാൻ ഉപകരിക്കുന്ന ഇത് ഇന്ത്യൻ മാർക്കറ്റിലേക്ക് വിദേശ നിക്ഷേപകരെയും ആകർഷിക്കും. ഇതിനിടയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് തുടങ്ങിയത് ഉൽപാദന രംഗത്ത് മാന്ദ്യം ഉളവാക്കും. ക്രൂഡ് ഓയിൽ ബാരലിന് 114 ഡോളർ വരെ ഉയർന്ന ശേഷം ക്ലോസിങിൽ 107 ഡോളറിലാണ്. ക്രൂഡിന് 10196 ഡോളറിൽ സപ്പോർട്ടുണ്ട്. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1973 ഡോളറിൽ നിന്ന് 1993 ഡോളർ വരെ ഉയർന്നതിനിടയിലെ വിൽപന സമ്മർദത്തിൽ  1929 ഡോളറിലേയ്ക്ക് താഴ്ന്നു. 

Latest News