നാളികേര വിപണിക്കും കാർഷിക മേഖലക്കും ഉണർവ് പകരാൻ ജിഎസ്ടി കുറക്കണമെന്ന ആവശ്യം വിപണിയിൽ നിന്നും ഉയരുന്നു. കൊപ്ര, വെളിച്ചെണ്ണ, പിണ്ണാക്ക് തുടങ്ങിവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്നാണ് വ്യാപരികളുടെ ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യവസ്തു വെളിച്ചെണ്ണയായതിനാൽ നികുതി ലഘൂകരിച്ചാൽ മുന്നേറ്റത്തിന് വേഗതയേറുമെന്ന നിലപാടിലാണ് വ്യാപാര രംഗം. നാളികേരോൽപന്നങ്ങൾ കനത്ത തിരിച്ചടിയെ അഭിമുഖീകരിക്കുന്നേ വേളയിൽ നികുതിയിൽ ഇളവു വന്നാൽ നാളികേര കൃഷിക്കും കൊപ്രയാട്ട് വ്യവസായത്തിനും അത് അനുകൂലമാവും. ഇതിനിടയിൽ ഇവയുടെ നികുതി ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് ജിഎസ്ടി കൗൺസിലിനോട് വിപണി വൃത്തങ്ങൾ അഭ്യർത്ഥിച്ചു. ദക്ഷിണേന്ത്യയിൽ നാളികേര ഉൽപാദനം ഉയർന്നു. അതുകൊണ്ട് തന്നെ തിരക്കിട്ട് കൊപ്ര സംഭരിക്കാൻ ബഹുരാഷ്ട്ര കമ്പനികളും വൻകിട മില്ലുകാരും ഉത്സാഹം കാണിക്കുന്നില്ല. ബഹുരാഷ്ട്ര കമ്പനികൾ താഴ്ന്ന നിരക്കിലെ ക്വട്ടേഷൻ ഇറക്കി വിപണിയുടെ കരുത്ത് ചോർത്തുകയാണ്. കൊപ്ര വില വീണ്ടും കുറഞ്ഞ് 9000 രൂപയായി. ഇതോടെ താങ്ങ് വിലയിൽ നിന്നുള്ള അന്തരം ക്വിന്റലിന് 1590 രൂപയായി. കൊപ്ര മാത്രമല്ല, പച്ചത്തേങ്ങ സംഭരിക്കാൻ ഇറങ്ങിയവരെയും പിന്നീട് ഈ വഴി കണ്ടില്ല.
അനുകൂല കാലാവസ്ഥയിൽ റബർ ടാപ്പിങ് പുനരാരംഭിച്ചതോടെ ടയർ ലോബി ഷീറ്റ് വില ഇടിച്ചു. പകൽ താപനില താഴ്ന്നത് റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ഉയർത്തി. ഇത് കണ്ട് വ്യവസായികൾ ക്വട്ടേഷൻ നിരക്ക് കുറച്ചു. തൊട്ട് മുൻവാരം വരെ ഷീറ്റ് ക്ഷാമം ടയർ വ്യവസായികളെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. നാലാം ഗ്രേഡ് റബർ 17,100 ൽ നിന്ന് 16,700 രൂപയായി. അഞ്ചാം ഗ്രേഡ് റബറിന് 300 രൂപ കുറഞ്ഞ് 16,000-16,500 രൂപയായി.
കർഷർക്കും സ്‌റ്റോക്കിസ്റ്റുകൾക്കും പ്രതീക്ഷ പകർന്ന് കുരുമുളക് തളർച്ചയിൽ നിന്നും തിരിച്ചുവരവ് നടത്തുന്നു. പിന്നിട്ട വാരങ്ങളിൽ രംഗത്ത് നിന്ന് അകന്ന് നിരക്ക് ഇടിക്കാൻ ഉത്തരേന്ത്യൻ ലോബി മത്സരിച്ചിരുന്നു. എന്നാൽ ഈ അവസരത്തിൽ കാര്യമായ വിൽപന സമ്മർദം കാർഷിക മേഖലകളിൽ നിന്നും അനുഭവപ്പെടാഞ്ഞത് വാങ്ങലുകാരുടെ കണക്ക് കൂട്ടൽ തെറ്റിച്ചു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് ക്വിന്റലിന് 53,500 രൂപ. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7100 ഡോളർ. വിയറ്റ്‌നാം 4200 ഡോളറിനും ഇന്തോനേഷ്യ 4300, ബ്രസീൽ 4000, ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 6100 ഡോളറിനും കുരുമുളക് വാഗ്ദാനം ചെയ്തു.
ഏലക്ക ലേല കേന്ദ്രങ്ങളിൽ വരവ് ഉയർന്നു. ആഭ്യന്തര വിദേശ വാങ്ങലുകാർ ലേലത്തിൽ നിറഞ്ഞു നിന്നത് വില തകർച്ചയെ തടയാൻ ഉപകരിച്ചു. ഓഫ് സീസണാനെങ്കിലും നിരക്ക് അമിതമായി ഉയർത്താനും അവർ തയാറായില്ല. ശരാശരി ഇനങ്ങൾക്ക് കിലോ 852-927 രൂപയിലാണ്. വാരാന്ത്യം വണ്ടൻമേട്ടിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 1658 രൂപ വരെ ഉയർന്നു. സ്വർണ വില പവന് 39,640 ൽ നിന്ന് 39,880 വരെ കയറിയ ശേഷം 39,440 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1930 ഡോളർ.