കോയമ്പത്തൂര്‍- സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്യൂട്ട്കേസിലാക്കി കത്തിച്ച സംഭവത്തില്‍ സഹോദരന് ജീവപര്യന്തംതടവും പിഴയും. കോയമ്പത്തൂര്‍ സിങ്കാനല്ലൂര്‍ ഉപ്പിലിപാളയം സ്വദേശി ശരവണകുമാറിനാണ് (30) ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷവിധിച്ചത്. 2018 ഏപ്രില്‍ ഏഴിന് വീട്ടിലുണ്ടായിരുന്ന സഹോദരി സംഗീതയെ (35) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
ഭര്‍ത്താവുമായി പിണങ്ങി താമസിക്കയായിരുന്ന സംഗീത, പത്തുവയസ്സുകാരിയായ മകളുമൊത്ത് അമ്മയോടൊപ്പം താമസിക്കുകയായിരുന്നു. ഒമ്പതുവര്‍ഷമായി ഇരുവരും തമ്മില്‍ ഒന്നിച്ച് താമസിക്കുന്നതിനെച്ചൊല്ലി വഴക്ക് പതിവായിരുന്നു. സഹോദരിയെ വീട്ടില്‍നിന്ന് പറഞ്ഞയയ്ക്കുന്നതിനെച്ചൊല്ലി ഇവരുടെ അമ്മ മങ്കയര്‍ക്കരസിയും ശരവണനെ വഴക്കു പറയുമായിരുന്നു. സംഭവദിവസം അമ്മ വീട്ടിലില്ലാത്ത സമയം സഹോദരങ്ങള്‍ക്കിടയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു.
മൃതദേഹം വെട്ടി പെട്ടിയിലാക്കി ഇരുചക്രവാഹനത്തില്‍ കോയമ്പത്തൂര്‍ എയര്‍പ്പോര്‍ട്ടിന് പിറകിലെ കുറ്റിക്കാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചെന്നാണ് കേസ്. ഈ സമയത്തെല്ലാം സംഗീതയുടെ മകളും കൂടെയുണ്ടായിരുന്നു. സംഗീതയെ കാണാത്തതിനെ ക്കുറിച്ച് അമ്മ ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിങ്കാനല്ലൂര്‍ പോലീസാണ് കേസന്വേഷിച്ചത്. ജീവപര്യന്തം തടവോടൊപ്പം തെളിവുനശിപ്പിച്ചതിന് മൂന്നുവര്‍ഷവും 2,000 രൂപ പിഴയും ജഡ്ജി ശ്രീകുമാര്‍ വിധിച്ചു.