ന്യൂദല്‍ഹി- രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ ആലോചന. വീട് നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍ മുതല്‍ പപ്പടത്തിനും ശര്‍ക്കരക്കും വരെ വില ഉയരും. നികുതി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു.
വീട് നിര്‍മ്മിക്കുന്നവരെയാണ് ജി.എസ്.ടി കൗണ്‍സിലിന്റെ നിര്‍ദേശം കൂടുതല്‍ ദോഷകരമായി ബാധിക്കുക. പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, സോക്കറ്റ്, സിങ്കുകള്‍ എന്നിവയുടെ ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് 28 ശതമാനത്തിലേക്ക് കൂടും. നിലവില്‍ നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.
143 ഉത്പന്നങ്ങളില്‍ 92 ശതമാനത്തിന്റേയും നികുതി 18 ശതമാനത്തില്‍നിന്ന് 28 ശതമാനമായാണ് വര്‍ധിപ്പിക്കുക. ഫലത്തില്‍ സാധനങ്ങള്‍ക്ക് 10 ശതമാനം വിലക്കയറ്റമുണ്ടാകും. നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 2017 ലും 2018 ലും നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും പുതിയ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കും.