ഖാര്‍ഗോണ്‍- മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ രാമനവമി ആഘോഷത്തിനിടെ ഉണ്ടായ വര്‍ഗീയ കലാപത്തില്‍ ഇതുവരെ 175 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജില്ലാ അധികൃതര്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവില്‍ എട്ട് മണിക്കൂര്‍ ഇളവുവരുത്തി. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് രണ്ടാം ദിവസവും ഇളവ് നല്‍കിയത്. രാത്രി കര്‍ഫ്യൂ മാറ്റമില്ലാതെ തുടരും.
ശനിയാഴ്ച കര്‍ഫ്യൂ ഇളവ് ചെയ്തപ്പോള്‍ നഗരത്തില്‍ എവിടെനിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് രോഹിത് കഷ് വാനി പറഞ്ഞു. ഏപ്രില്‍ പത്തിനുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 64 എഫ്‌ഐആറുകളാണ് ഫയല്‍ ചെയ്തത്.
ഖാര്‍ഗോണ്‍ പോലീസ് സൂപ്രണ്ട് സിദ്ദാര്‍ഥ് ചൗധരിക്ക് നേരെ വെടിവെച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മുഹ്‌സിന്‍ എന്ന വസീമിനെ കോടതി മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
സിസിടവി തെളിവുകളുടെ അടിസ്ഥാനത്തില്‍ ഖാര്‍ഗോണിലും മറ്റു സ്ഥലങ്ങളിലും ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാലിന് വെടിയേറ്റ പോലീസ് സൂപ്രണ്ട് ചികിത്സയിലാണ്.