Sorry, you need to enable JavaScript to visit this website.

മഞ്ജുവിന് ഇതു കാലം കാത്തുവെച്ച കാവ്യനീതി,  കൂട്ടുകാരിയുടെ കുറിപ്പ് വൈറലായി 

തൃശൂര്‍-  മഞ്ജുവിന്റെ സുഹൃത്ത് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. പുറത്തുവരുന്ന സംഭാഷണങ്ങളില്‍ മഞ്ജുവിനെതിരെ ഉയരുന്ന ആരോപങ്ങള്‍ക്കെതിരെയാണ് സിന്‍സി അനില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
'സ്‌നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ച് അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ച് ഇറങ്ങിയൊരു പെണ്ണ്. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍.
സ്‌നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നുപോലെ വളര്‍ത്തി വലുതാക്കിയവള്‍. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‌നം കണ്ടവള്‍. അതിനായി ഊണിലും ഉറക്കത്തിലും മകള്‍ക്കു താങ്ങായി നടന്നവള്‍.
വലിയൊരു ചതി നടക്കുന്നുവെന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭര്‍ത്താവിനെ അവിശ്വസിക്കാതിരുന്നവള്‍. ഭര്‍ത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങള്‍ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊര്‍ന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയില്‍ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടുനിന്നവള്‍.തന്റെ ജീവിതം, തന്റെ ഭര്‍ത്താവ്, തന്റെ കുടുംബം തനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍ അവസാനം, തനിക്ക് നേരെ വെച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞ് താലി ഊരി വെച്ചു ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി ഇറങ്ങി പോന്നവള്‍.
വട്ട പൂജ്യത്തില്‍ നിന്നും ജീവിതം തിരികെ പിടിക്കാന്‍ ഇറങ്ങുമ്പോള്‍ സമ്പന്നതയില്‍ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍. വേര്‍പിരിയലിന് കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവള്‍. തന്റെ മകളുടെ അച്ഛന്‍ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവള്‍.ഒരിടത്തുപോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവില്‍ നിന്നും അറിയാതെ പോലും വീഴാതിരിക്കാന്‍ ശ്രദ്ധിച്ചവള്‍. തന്റെ കഴിവുകളില്‍ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവള്‍. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകള്‍ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവള്‍.
സഹപ്രവര്‍ത്തകയ്ക്കുണ്ടായ ആക്രമണത്തില്‍ കോടതി മുറിയില്‍ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നില്‍ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവള്‍. ആരോപണങ്ങള്‍ അമ്പുകളായി കോടതി മുറിയില്‍ നെഞ്ചും കൂടിനെ തകര്‍ത്തിട്ടും സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങള്‍ തുറന്നു പറഞ്ഞു അഭിമാനം ആയവള്‍.
5 വര്‍ഷക്കാലം ഒരു കോള്‍ കൊണ്ടുപോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നില്‍ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നില്‍ പതറാതെ നിന്നവള്‍. ഇന്നത്തെ സ്ത്രീകള്‍ക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയര്‍ന്നു പറക്കുന്നവള്‍.ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാന്‍ ശ്രമിച്ചത്. അവള്‍ക്ക് കാലം കാത്തുവെച്ച നീതിയാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്ന ജീര്‍ണിച്ച കഥകള്‍. നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും.
കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയര്‍ന്നു പറക്കുക പ്രിയപെട്ടവളെ. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ,' സിന്‍സി പോസ്റ്റില്‍ പറയുന്നു.
 

Latest News