പരസ്പരം വെറുക്കാനും നുറുക്കാനും പ്രേരിപ്പിക്കുന്നവരോട് സഹതപിക്കുകയേ നിർവാഹമുള്ളൂ. അവർക്ക് നല്ല മനസ്സുണ്ടാവാൻ പ്രാർത്ഥിക്കുക. ആത്മീയമായ ഉള്ളുണർവിന്റെയും ഉൾതെളിച്ചത്തിന്റെയും മഹനീയ സൗന്ദര്യം കാണാനാവാത്ത, ആസ്വദിക്കാനാവാത്ത ഭാഗ്യഹീനരായ അന്ധരാണവർ. അവരാവട്ടെ, സ്വാർത്ഥതയും അധികാര മോഹവും സ്വജനപക്ഷപാതവും ധിക്കാരവും നീതിരാഹിത്യവും തലയ്ക്ക് പിടിച്ച ദുർമനസ്‌കരുടെ ദുഷിച്ച സ്വാധീന വലയത്തിലുമാണ്. വെളിച്ചത്തിൽ നിന്ന് അഗാധമായ ഇരുട്ടിലേക്കല്ലാതെ അനുദിനം അവർ മറ്റെങ്ങോട്ടും നയിക്കപ്പെടുന്നില്ലല്ലോ എന്നത് ഖേദകരം തന്നെ.
'ഗുരോ...ബോധോദയം കൈവരിക്കുന്നതിന്
മുൻപ് അങ്ങ് എന്തൊക്കെയാണ് ചെയ്തിരുന്നത്..?' സെൻ സന്ന്യാസിയോട് പുതുതായി വന്നെത്തിയ ശിഷ്യൻ ചോദിച്ചു...
'ഞാൻ വെള്ളം കോരും, ചെടികൾ നനയ്ക്കും, വിറകു ശേഖരിക്കും, ആഹാരം പാകം ചെയ്യും, വസ്ത്രങ്ങൾ കഴുകിയിടും..' ഗുരു പറഞ്ഞു.
അന്വേഷണ കുതുകിയായ ശിഷ്യൻ വീണ്ടും ചോദിച്ചു ശരി, ബോധോദയത്തിനു ശേഷം അങ്ങ് എന്തൊക്കെയാണ് ചെയ്യുന്നത് ...?
'ഇപ്പോൾ ഞാൻ ചെടികൾക്ക് വെള്ളം ഒഴിക്കും, വിറകു ശേഖരിക്കും, ആഹാരം പാകം ചെയ്യും, വസ്ത്രങ്ങൾ കഴുകിയിടും ... '
ആ ഉത്തരം കേട്ട് ശിഷ്യന് തൃപ്തിയായില്ല. അയാളിലെ കുതുകി വീണ്ടും ചോദിച്ചു.. 'ഇതൊക്കെ തന്നെയായിരുന്നില്ലേ അങ്ങ് മുൻപും ചെയ്തത്?'
അതെ
അതൊക്കെ തന്നെയല്ലേ ഇപ്പോഴും ചെയ്യുന്നത്?
അതെ
ഇതിലെന്താണ് പുതുമ..?? ബോധോദയം അങ്ങയിൽ ഒരു മാറ്റവും വരുത്തിയില്ലേ.? എന്നായി ശിഷ്യൻ.
ഗുരു പുഞ്ചിരിച്ചു 'മാറ്റം എന്നിലാണ് കുട്ടീ...എന്റെ പ്രവൃത്തികളിൽ അല്ല. മുൻപ് ഞാൻ ചെയ്ത പോലെയല്ല ഇപ്പോൾ ഈ പ്രവൃത്തികൾ എന്നിൽ പ്രതിഫലിക്കുന്നത്. ഓരോ ചലനവും പ്രകൃതിയും എന്നിൽ ആഹ്ലാദം നിറക്കുന്നു ശാന്തി നിറക്കുന്നു..
അതാണ് കാതലായ മാറ്റം. അതാണ് അവബോധവും.അല്ലാതൊന്നുമല്ല.. '
ഇത് കേട്ട് ശിഷ്യൻ മൗനിയായി എന്നാണ് കഥ.
ആത്മീയത എന്നത് സാധാരണ ജീവിതത്തിൽ നിന്നും മാറി എല്ലാം ഉപേക്ഷിച്ച് കാട്ടിലോ നാട്ടിലോ അലയുകയോ ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നും അകലുകയോ അല്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടി നിഷ്‌ക്രിയ ജീവിതം നയിക്കലുമല്ല.
ദൈനംദിനം ചെയ്യുന്ന കർമങ്ങളിൽ നിരന്തരമായ ഈശ്വര സാമീപ്യവും ചൈതന്യവും അനുഭവിക്കലാണത്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും ഉടുക്കുമ്പോഴും ഉല്ലസിക്കുമ്പോഴും ഉഴലുമ്പോഴും അനുഭവിക്കുന്ന വർധിച്ച ഉത്തരവാദിത്ത ബോധത്തിൽ നിന്നും ഉടലെടുക്കുന്ന വാക്കുകൾക്കതീതമായ അവബോധമാണത്. കേവലം നേരമ്പോക്കല്ല ഈ ജീവിതമെന്ന തിരിച്ചറിയലാണത്. പതിവ് കാര്യങ്ങളിൽ പോലും ഉൾചേർന്നിരിക്കുന്ന പുതുമ നുകരലാണത്.
രാവും പകലും നിഴലും നിലാവും വാചാലമായി നമ്മോട് സംസാരിച്ചു തുടങ്ങുന്ന ആശ്വാസദായകമായ പാരസ്പര്യമാണത്. പ്രഭാതവും പ്രദോഷവും നമ്മുടെ ഉള്ളിൽ ആശ്ചര്യങ്ങൾ നിറയ്ക്കുന്ന മുഹൂർത്തങ്ങളായി മാറുന്നതപ്പോഴാണ്.
ആകാശചാരികളായ മേഘങ്ങളും ചിറകടിച്ചുയരുന്ന പക്ഷികളും പുതിയ ചിന്തകളും അനുഭൂതികളും നമുക്ക് സമ്മാനിച്ചുകൊണ്ടേയിരിക്കും.
ഒഴുകുന്ന പുഴയും തിരയടിക്കുന്ന കടലും പുത്തൻ ആശയങ്ങൾ ആലേഖനം ചെയ്യപ്പെട്ട വിശിഷ്ട പാരായണത്തിനുതകുന്ന നിത്യനൂതന ഗ്രന്ഥങ്ങളായി മാറും. സർവ കുടിലതകൾക്കും അതീതമായി മനുഷ്യരെ മനുഷ്യരായി കണ്ട് തുടങ്ങുന്നതപ്പോഴാണ്. ഇരുൾ മാറി വെളിച്ചം തെളിയുന്നതും കൃപയുടേയും ആർദ്രതയുടേയും വാൽസല്യ സുഗന്ധികളായ ഹൃദ്യ വിനിമയങ്ങൾ സംഭവിക്കുന്നതും അന്നേരങ്ങളിൽ തന്നെ.
ജാതി ചിന്തയും മത വൈരവും വംശവെറിയും ഗോത്ര മാഹാത്മ്യവും ഉരുകിയൊലിച്ചില്ലാതായി നാം മനുഷ്യർ എന്ന ഒറ്റ വിശുദ്ധ വികാരം ഹൃദയങളെ നിർമലമാക്കുന്ന നിർവൃതിദായകമായ
ധന്യതയാണത്. വാക്കുകൾക്കപ്പോൾ വിശ്വ മാനവികതയുടെ ചാരുതയും കർമങ്ങൾക്ക് കനിവിന്റെ ഉൾകുളിർമയുമായിരിക്കും. ആത്മീയതയുടെ പേരിൽ അരങ്ങ് വാഴുന്ന ആഭാസങ്ങളിൽ നിന്നും നെറികേടുകളിൽ നിന്നും വ്യക്തിപൂജകളിൽ നിന്നും അത്തരം ധന്യ മനസ്‌കർ ഏറെ അകലം പാലിക്കും. അവർ ഇടപഴകുന്ന ഇടങ്ങൾ സദ്‌വിചാരങ്ങൾ കൊണ്ടും സദ്‌വചനങ്ങൾ കൊണ്ടും സത്സ്വഭാവം കൊണ്ടും പ്രശോഭിതവും ഹൃദയഹാരിയുമായിരിക്കും.
പരസ്പരം വെറുക്കാനും നുറുക്കാനും പ്രേരിപ്പിക്കുന്നവരോട് സഹതപിക്കുകയേ നിർവാഹമുള്ളൂ. അവർക്ക് നല്ല മനസ്സുണ്ടാവാൻ പ്രാർത്ഥിക്കുക. ആത്മീയമായ ഉള്ളുണർവിന്റെയും ഉൾതെളിച്ചത്തിന്റെയും
മഹനീയ സൗന്ദര്യം കാണാനാവാത്ത, ആസ്വദിക്കാനാവാത്ത ഭാഗ്യഹീനരായ അന്ധരാണവർ. അവരാവട്ടെ, സ്വാർത്ഥതയും അധികാര മോഹവും സ്വജനപക്ഷപാതവും ധിക്കാരവും നീതിരാഹിത്യവും തലയ്ക്ക് പിടിച്ച ദുർമനസ്‌കരുടെ ദുഷിച്ച സ്വാധീന വലയത്തിലുമാണ്. വെളിച്ചത്തിൽ നിന്ന് അഗാധമായ ഇരുട്ടിലേക്കല്ലാതെ അനുദിനം അവർ മറ്റെങ്ങോട്ടും നയിക്കപ്പെടുന്നില്ലല്ലോ എന്നത് ഖേദകരം തന്നെ.