ഹൈദരാബാദ്- ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കലും മരണവും തുടര്‍ക്കഥയാവുന്നു. ഇനി കര്‍ശന നടപടിയെന്ന് മന്ത്രി നിതിന്‍ ഗഡ്കരി. ഏറ്റവുമൊടുവില്‍ തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. 80കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തില്‍ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് പരിക്കേറ്റു.തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും പൊള്ളലേറ്റത്.
രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം അപകടങ്ങളില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുരക്ഷാ ഉറപ്പുവരുത്താന്‍ കമ്പനികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.