ന്യുദൽഹി- 1971-ൽ ബംഗ്ലാദേശ് വിമോചനത്തിനു തൊട്ടുപിറകെ പാക്കിസ്ഥാനെ തിരിച്ചുപിടിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. ഇതിനായി മുൻ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലെയനിഡ് ഇലിച്ച് ബ്രഷ്നേവിന്റെ സഹായവും ഇന്ദിര തേടിയിരുന്നതായി ഇന്ദിരയുടെ ഉപദേശകനായിരുന്ന ജി പാർത്ഥസാരഥിയുടെ മകനും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകനുമായിരുന്ന അശോക് പാർത്ഥസാരഥിയുടെ പുറത്തിങ്ങാനിരിക്കുന്ന പുസ്തകത്തിലാണീ സംഭവം വിവരിക്കുന്നത്.
ഇന്ത്യൻ സേനയെ പെഷാവറിലേക്ക് മാർച്ച് ചെയ്യിപ്പിച്ച് അന്ന് വെസ്റ്റ് പാക്കിസ്ഥാൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ പാക്കിസ്ഥാനെ പിടിച്ചടക്കാനുള്ള ഇന്ദിരയുടെ പദ്ധതിക്ക് 1971 ഡിസംബർ 16ന് ചേർന്ന രാഷ്ട്രീയ കാര്യ കാബിനറ്റ് കമ്മിറ്റി യോഗം അനുവാദം നൽകിയിരുന്നതായും പുസ്തകത്തിൽ പറയുന്നു. ഈ കാബിനെറ്റ് കമ്മിറ്റി യോഗത്തിൽ എല്ലാവരും തീരുമാനത്തെ അംഗീകരിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.എൻ ഹസ്ക്കർ മാത്രമാണ് എതിർത്തത്.
പിന്തുണ അറിയിച്ചു കൊണ്ടുള്ള ബ്രഷ്നേവിന്റെ അതീവ രഹസ്യ ടെലഗ്രാം നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. ബംഗ്ലാദേശ് (കിഴക്കൻ പാക്കിസ്ഥാൻ) പിടിച്ചടക്കാനെത്തിയ പാക്കിസ്ഥാൻ സേന ധാക്കയിൽ കീഴടങ്ങുന്നതിനു 16 മണിക്കൂറുകൾക്കു മുമ്പ് കരസേന മേധാവി സാം മനേക്ഷായെ വിളിച്ച് ഇന്ദിര പെഷാവറിലേക്ക് മാർച്ച് ചെയ്തെത്താൻ എത്ര സമയമെടുക്കുമെന്ന് ചോദിച്ചിരുന്നു. മൂന്ന് ദിവസമെന്ന് അദ്ദേഹം ഉടൻ മറുപടി നൽകുകയും ചെയ്തു. കരസേന മേധാവിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിതാവ് പാർത്ഥസാരഥിയോടൊപ്പം താനും ദൃക്സാക്ഷിയായിരുന്നുവെന്ന് അശോക് പറയുന്നു. ജിപി:19151995 എന്ന അശോകിന്റെ പുസ്തകം ഈ മാസം അവസാനത്തോടെ പുറത്തിറങ്ങും.