കൊളംബോ- ശ്രീലങ്കയിലെ റമ്പുക്കാനയില്‍ പോലീസും പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് പ്രക്ഷോഭകര്‍ പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞു.
കടബാധ്യതയുള്ള ശ്രീലങ്കയ്ക്ക് അതിവേഗ സാമ്പത്തിക സഹായം നല്‍കുന്നത് അന്താരാഷ്ട്ര നാണയ നിധി പരിഗണിക്കുമെന്ന് ശ്രീലങ്കന്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ പിന്തുണയുണ്ട്. അടിയന്തര ബാലന്‍സ്-ഓഫ്-പേയ്മെന്റ് പിന്തുണ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള റാപ്പിഡ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ് (ആര്‍എഫ്ഐ) വിന്‍ഡോക്ക് കീഴിലാണ് ശ്രീലങ്ക വായ്പ ആവശ്യപ്പെട്ടതെന്ന് സാബ്രിയുടെ സഹായിയായ ഷമീര്‍ സവാഹിര്‍ ട്വിറ്ററില്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളുടെ പേരില്‍ സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന ഉത്തരവാദിത്തമുള്ള ഭരണം സൃഷ്ടിക്കുന്നതിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഭരണഘടന ഭേദഗതി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച തെറ്റുകള്‍ താന്‍ ചെയ്തതായി ശ്രീലങ്കന്‍ പ്രസിഡന്റ് പറഞ്ഞു.