ചെന്നൈ- സിനിമാ പ്രേമികളെ ആകെ നിരാശരാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം വിജയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ബീസ്റ്റ്. ചിത്രം വലിയ ഓളമൊന്നും ഉണ്ടാക്കിയില്ല. യാഷിന്റെ കെജിഎഫ് 2 കൂടി വന്നതോടെ ബീസ്റ്റിന്റെ പ്രഭ മങ്ങി.
ഒരേ കഥ തന്നെ പല രൂപത്തില്‍ എത്തുന്നതിനെ പലരും വിമര്‍ശിക്കുകയും ചെയ്തു. വിജയ് ചിത്രങ്ങളുടെ കഥയെല്ലാം ഒന്നു തന്നെയെന്നും സന്ദര്‍ഭങ്ങള്‍ മാത്രം മാറുന്നുവെന്നുമുള്ള ആക്ഷേപം മുമ്പേയുള്ളതാണ്. വളരെ മോശം അഭിപ്രായം വന്നെങ്കിലും ഫാന്‍സിന്റെ സഹായത്തോടെ ചിത്രം തീയേറ്ററുകളില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. എന്നാലും പലരും മോശം സിനിമയെന്ന് തന്നെയാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ചിത്രത്തെപ്പറ്റി ഒടുവില്‍ മോശം അഭിപ്രായം പറഞ്ഞ ആളിനെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനുള്ള ധൈര്യം ഫാന്‍സിനുണ്ടാകുമെന്ന് തോന്നുന്നില്ല. സാക്ഷാല്‍ വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ തന്നെയാണ് സിനിമയെപ്പറ്റി മോശം അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. ബീസ്റ്റിന്റെ തിരക്കഥക്കും സംവിധാനത്തിനും വേണ്ടത്ര നിലവാരം പുലര്‍ത്താന്‍ സാധിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ തലമുറയിലെ കഴിവുള്ള സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമെന്നാണ് ചന്ദ്രശേഖര്‍ പറയുന്നത്.