വെസ്റ്റ്ബാങ്ക്- അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഫലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന് പടിഞ്ഞാറ് യമുന് ഗ്രാമത്തിലാണ് ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തി ആക്രമണം അഴിച്ചുവിട്ടത്.
ഒരാഴ്ചയിലേറെയായി ഇസ്രായേല്‍ സൈന്യം നടത്തുന്ന റെയ്ഡില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേര് അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ സേനയുടെ അതിക്രമത്തിനു നേരെ ഫലസ്തീനികള്‍ കല്ലും സ്ഫോടക വസ്തുക്കളും എറിഞ്ഞതോടെ സൈന്യം വെടിവെക്കുകയായിരുന്നു.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലികള്‍ക്കു നേരെ കത്തിയാക്രമണം നടന്നതിനെ തുടര്‍ന്നാണ് ഇതുമായി ബന്ധമുള്ളവരെ തിരഞ്ഞ് ഇസ്രായേല്‍ സൈന്യം ഫലസ്തീന് നഗരങ്ങളിലും ഗ്രാമങ്ങളിലും അതിക്രം നടത്തുന്നത്. തോക്കുധാരിയായ ഫലസ്തീനി തെല്‍ അവീവില്‍ മൂന്നുപേരെ വെടിവെച്ചു കൊല്ലുകയും വെടിയുതിര്‍ത്ത് രക്ഷപ്പെടുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ വ്യാപമായ ഫലസ്തീന് വേട്ടയ്ക്ക് തുടക്കമിട്ടത്.
മൂന്ന് ആക്രമണങ്ങളിലായി 14 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ അസോസിയേറ്റഡ് പ്രസിന്റെ കണക്കുകള്‍ പ്രകാരം 25 ഫലസ്തീനികളെയാണ് സൈന്യം വധിച്ചത്. ഇതില്‍ നിരായുധരായ ഒരു വനിതയും ഒരു വക്കീലും ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.