ന്യൂദല്‍ഹി- ലഖിംപൂര്‍ ഖേരി കേസില്‍ മുഖ്യപ്രതി പ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ കോടതി നിര്‍ദേശം നല്‍കി. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.കേസില്‍ അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി നേരത്തെ തന്നെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു, വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മുറിവുകളുടെ സ്വഭാവവും പോലുള്ള അനാവശ്യ വിശദാംശങ്ങള്‍ നല്‍കരുതെന്ന് കോടതി പറഞ്ഞു.മാര്‍ച്ച് 16ന്, ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടിയിരുന്നു.
മാര്‍ച്ച് 10ന് കേസിലെ പ്രധാന സാക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശ് പോാലീസിന്റെ എഫ്‌ഐആര്‍ പ്രകാരം ആശിഷ് മിശ്ര സഞ്ചരിച്ച എസ്‌യുവി നാല് കര്‍ഷകരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ ഡ്രൈവറെയും രണ്ട് ബിജെപി പ്രവര്‍ത്തകരെയും മര്‍ദിച്ചു. ഈ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു.