ന്യൂയോർക്ക് - ഡാറ്റ മോഷണ വിവാദത്തിനു തൊട്ടുപിന്നാലെ ട്വിറ്ററിൽ കത്തിപ്പടർന്ന ഡിലീറ്റ് ഫേസ്ബുക്ക് പ്രചാരണത്തെ പിന്തുണച്ച് മുൻനിര ഇലക്ട്രിക് കാർ നിർമ്മാണ കമ്പനിയായ ടെസ്ലയുടെ ഔദ്യോഗിക പേജ് കമ്പനി ഉടമ എലൻ മസ്ക് ഡിലീറ്റ് ചെയ്തു. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹനം വിക്ഷേപിച്ച് ചരിത്ര സൃഷ്ടിച്ച മസ്കിന്റെ സ്പേസ് എക്സ് എന്ന കമ്പനിയുടെ പേജും നീക്കം ചെയ്തിട്ടുണ്ട്. താങ്കളാണ് കമ്പനി ഉടമയെങ്കിൽ ഫേസബുക്ക് പേജ് ഡിലീറ്റ് ചെയ്യൂവെന്ന് ഒരു ട്വിറ്റർ യൂസർ എലൻ മസ്കിനോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ഉടൻ ഡിലീറ്റ് ചെയ്യാമെന്നും മസ്ക് ട്വീറ്ററിലൂടെ തന്നെ മറുപടി പറഞ്ഞതിനു തൊട്ടുപിറകെയാണ് ഇരു കമ്പനികളുടേയും വെരിഫൈഡ് പേജുകൾ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായത്. കോടിക്കണക്കിന് ഫോളോവേഴ്സ് ഉള്ള പേജുകളായിരുന്നു രണ്ടും.
വാട്സാപ്പ് സഹസ്ഥാപകൻ ബ്രയൻ ആക്ടൻ ട്വിറ്ററിൽ തുടങ്ങിവച്ച #deletefacebook പ്രചാരണത്തോട് പ്രതികരിച്ചാണ് എലൻ മസ്ക് ഇതിന്റെ ഭാഗമായത്. എന്താണ് ഫേസ്ബുക്ക് എന്ന ചോദിച്ചായിരുന്നു മസ്കിന്റെ ആദ്യ ട്വീറ്റ്. ഇതിനോട് പ്രതികരിച്ചാണ് നിരവധി പേർ സ്വന്തം കമ്പനിയുടെ പേജുകൾ ഡിലീറ്റ് ചെയ്യണമെന്ന് മസ്കിനോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിനു പുറമെ ഇൻസ്റ്റഗ്രാമിലെ പേജും ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇൻസ്റ്റഗ്രാം കുഴപ്പമില്ലെന്നായിരുന്നു മസ്കിന്റെ മറുപടി.