ന്യൂദൽഹി- ദൽഹിയിലെ ഹനുമാൻ ജയന്തി റാലി സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ആറു പോലീസുകാരടക്കം ഏഴുപേർക്ക് പരിക്ക്. കല്ലേറും മറ്റ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തു പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഹനുമാൻ ജയന്തി ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് ശനിയാഴ്ച രാത്രിയാണ് ഇരു സമുദായങ്ങളിൽ പെട്ടവർ തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറും അതേ തുടർന്നുണ്ടായ അക്രമങ്ങളിലും ഒരു സിവിലയനും ആറു പോലീസുകാർക്കുമാണ് പരിക്കേറ്റതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പരിക്കേറ്റവരിൽ ദൽഹി പോലീസ് സബ് ഇൻസ്പെക്ടർ മേധ് ലാൽ മീണയും ഉൾപ്പെടും. ഇദ്ദേഹത്തിന്റെ കൈക്ക് വെടിയേറ്റാണ് പരിക്ക്. എങ്ങനെയാണ് വെടിയേറ്റതെന്ന് വ്യക്തമല്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കല്ലേറും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്ത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയകളിൽ പ്രചരിച്ച വീഡിയോകളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിലേയും പ്രത്യേക സെല്ലിലേയും പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്ത് സംഘങ്ങളെ നിയോഗിച്ചു.