പറ്റ്ന- രാമന്‍ ദൈവമല്ലെന്നും കഥയിലെ കഥാപാത്രം മാത്രമാണെന്നും ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജിതന്‍ രാം മഞ്ചി. തുളസിദാസും വാത്മീകിയും രാമായണം ഉള്‍പ്പടെ മറ്റ് നിരവധി കഥകളെഴുതിട്ടുണ്ടെന്നും അതൊക്കെ നമ്മള്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി ആര്‍ അംബേദ്കര്‍ ജയന്തിയോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കവേയാണ് മാഞ്ചിയുടെ പരാമര്‍ശം.
സത്യത്തില്‍ വാത്മീകിയേയും തുളസീദാസിനെയുമാണ് വിശ്വസിക്കുന്നതെന്നും രാമനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ രാമനില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ രാമനില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ച അദ്ദേഹം നമ്മള്‍ ശബരി കഴിച്ച പഴം രാമന്‍ കഴിച്ചുവെന്ന കഥ കേട്ടിട്ടുണ്ടെന്നും വിശദമാക്കി. എന്നാല്‍ ദലിതന്‍ കടിക്കുന്ന പഴം ബ്രാഹ്മണര്‍ ഭക്ഷിക്കില്ല, അയാളത് തൊട്ട് നോക്കുക മാത്രമാണ് ചെയ്തതെങ്കില്‍ കൂടിയും അവരത് കഴിക്കാന്‍ തയ്യാറാകില്ലെന്നും വിശദമാക്കി.
ഈ ലോകത്ത് രണ്ട് ജാതി മാത്രമേയുള്ളുവെന്നും അത് പാവപ്പെട്ടവനും പണക്കാരനുമാണെന്നും പറഞ്ഞ മാഞ്ചി ബ്രാഹ്മണന്മാര്‍ ദലിതരോട് വിവേചനം കാണിക്കുന്നുവെന്നും പറഞ്ഞു.