Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട ബ്രിട്ടീഷ് അധ്യാപകന് പത്ത് വര്‍ഷം തടവ്

ലണ്ടന്‍- യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെ രണ്ട് വിദ്യാര്‍ഥികളെ പീഡിപ്പിച്ച ബ്രിട്ടീഷ് അധ്യാപകന് യു.കെയില്‍ പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നാട്ടിലെത്തിയാല്‍ രക്ഷപ്പെടാമെന്ന് കരുതിയ അധ്യാപകനെ ശിക്ഷിക്കുകയായിരുന്നു.

ലണ്ടനില്‍ നിന്നുള്ള പോള്‍ ഷിന്‍ എന്ന 49കാരനാണ് യു എ ഇയിലെ ഒരു ബ്രിട്ടീഷ് സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെ വിദ്യാര്‍ഥികളെ പീഡിപ്പിച്ചത്. വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് 2019 മാര്‍ച്ചില്‍ അദ്ദേഹത്തെ സ്‌കൂളില്‍നിന്ന് പുറത്താക്കി.  ദേശീയ െ്രെകം ഏജന്‍സിക്ക് കുറ്റകൃത്യത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയുംചെയ്തു. സ്വദേശമായ യു കെയിലേക്ക് മടങ്ങിയ പോള്‍ ഷിന്നിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2022 ജനുവരി 28നാണ് കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത അഞ്ച് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയത്. കുട്ടികളെ പല തവണ പീഡിപ്പിക്കുകയും മോശമായ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തതായും കണ്ടെത്തി. കുട്ടികളുടെ വിശ്വാസം പിടിച്ചു പറ്റിയതിന് ശേഷം തന്നോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി സമ്മാനങ്ങള്‍ നല്‍കുകയും യാത്രകള്‍ വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല അശ്ലീല സിനിമകളില്‍ നിന്നുള്ള രംഗങ്ങളും കുട്ടികള്‍ക്ക് കാണിച്ചു.

വിദേശത്തെ കുറ്റകൃത്യങ്ങള്‍ക്കും ബ്രിട്ടീഷ് പൗരന്മാരെ യു.കെയില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ലൈംഗിക കുറ്റകൃത്യ നിയമത്തിലെ സെക്ഷന്‍ 72 പ്രകാരം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ആറു കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇതില്‍ അഞ്ച് കുറ്റങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ആറാമത്തെ കുറ്റത്തില്‍ ജൂറിക്ക് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

 

Latest News