ന്യൂമെക്സിക്കോ- കോളറോഡയിൽ കനത്ത നാശം വിതച്ച് കാട്ടുതീയുടെ താണ്ഡവം. കുറഞ്ഞത് നൂറ്റമ്പതിലേറെ വീടുകൾ തീയിൽ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആയിരക്കണക്കിന് താമസക്കാരെ മാറ്റിപ്പാർക്കുകയും രണ്ട് സ്‌കൂളുകൾ ഒഴിപ്പിക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.
16.6 ചതുരശ്ര കിലോമീറ്റർ വനവും അടിക്കാടുകളും ഇതിനകം കത്തിനശിച്ചുവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ബുധനാഴ്ചയാണ് കാട്ടു തീ ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയോടെ പ്രദേശത്തു നിന്നും അടിയന്തരമായി ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ശക്തമായ കാറ്റും വീശുന്നുണ്ട്. കാറ്റിൽ തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. എന്നാൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തീയണയ്ക്കാൻ ഏഴ് എയർ ടാങ്കറുകളും രണ്ട് ഹെലികോപ്ടറുകളും ഏർപ്പെടുത്തിയതായി ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തീ പിടുത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. ന്യൂ മെക്സിക്കോ, ടെക്സസിന്റെ വിവിധ ഭാഗങ്ങൾ, കൊളറാഡോ, മിഡ്വെസ്റ്റ് ഭാഗങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന വിശാലമായ പ്രദേശങ്ങളിൽ തുടർച്ചയായ വരണ്ട കാറ്റടിക്കുന്നതിനാൽ അഗ്‌നിശമനസേന തീ പിടുത്തമുണ്ടാകാനും പടരാനുമുള്ള മുന്നറിയിപ്പുകൾ നല്കിയിട്ടുണ്ട്.
ചൊവ്വാഴ്ച മാത്രം അഞ്ച് പുതിയ വലിയ തീ പിടുത്തങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തത്. തെക്കു പടിഞ്ഞാറൻ, തെക്കൻ റോക്കി പർവത പ്രദേശങ്ങളിലെ വലിയ തീപിടുത്തങ്ങൾ തടായൻ 1600 വൈൽഡ് ലാൻഡ് അഗ്‌നിശമന സേനാംഗങ്ങളേയും സഹായികളായി ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് നാഷണൽ ഇന്റർഏജൻസി ഫയർ സെന്റർ അറിയിച്ചു.
ചൂടു കൂടിയതും വരണ്ട കാലാവസ്ഥയും കാരണം പതിറ്റാണ്ടുകളായി വനം കത്തി നശിക്കുന്നത് വർധിച്ചതാിയ അഗ്‌നിശമന ശാസ്ത്രജ്ഞർ പറയുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങളെ തുടർന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇരുപത് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന പടിഞ്ഞാറൻ വൻ വരൾച്ച പ്രശ്നം കൂടുതൽ വഷളാക്കുന്നുണ്ട്.
നേരത്തെയുള്ള മഞ്ഞുവീഴ്ച, തുടർന്നുണ്ടാകുന്ന മഴ എന്നിവയെല്ലാം ഉൾപ്പെടുന്ന മാറുന്ന സാഹചര്യങ്ങൾ വർഷം മുഴുവൻ തീ പിടുത്തകാലമായി മാറിയതായും വിലയിരുത്തലുകളുണ്ട്.
തീപിടുത്തത്തെ തുടർന്ന് റുയിഡോസോയിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തിനശിച്ച വസ്തുവകകളിൽ കൂടുതലും ട്രെയിലറുകളും ഒറ്റ കുടുംബ വീടുകളുമാണ്. ഇതിനകം നാലായിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവരുടെ സംഖ്യ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂ മെക്സിക്കോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കാട്ടുതീ റൂയ്ഡോസോയെ ബാധിച്ചത് 2012ലായിരുന്നു. അന്ന് 240ലേറെ വീടുകൾ നശിക്കുകയും ഏകദേശം 181 ചതുരശ്ര കിലോമീറ്റർ ചുട്ടെരിക്കുകയും ചെയ്തു.