മോസ്‌കോ- ഉക്രൈനിൽ നാവിക ആക്രമണത്തിന് നേതൃത്വം നൽകുന്ന റഷ്യൻ കപ്പൽ സ്‌ഫോടനത്തിൽ ഏറെക്കുറെ തകർന്നു. കരിങ്കടലിലുണ്ടായ സ്‌ഫോടനത്തിലാണ് കപ്പൽ തകർന്നതെന്ന് റഷ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈന്റെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ മുന്നറിയിപ്പും നൽകി. അതിനിടെ, യുദ്ധം അതിന്റെ ഏഴാം ആഴ്ചയിലേക്ക് കടന്നതോടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്നിനായി 800 മില്യൺ ഡോളറിന്റെ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു. ഹെലികോപ്റ്ററുകളും കവചിത വാഹനങ്ങളും ഉൾപ്പെടുന്ന സഹായമാണ് ഉക്രൈന് നൽകിയത്.
അഗ്നിബാധയെ തുടർന്ന് വെടിമരുന്ന് പൊട്ടിത്തെറിച്ചതാണ് റഷ്യയുടെ മിസൈൽ ക്രൂയിസറിന് കേടുപാടുകൾ സംഭവിച്ചതെന്നും തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഉക്രേനിയൻ സൈന്യം മിസൈൽ ആക്രമണത്തിലൂടെ കപ്പലിൽ ഇടിച്ചതായി ഒഡെസ ഗവർണർ പറഞ്ഞു, ''എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല'' എന്ന് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു. ഈ കപ്പലിൽനിന്നാണ് റഷ്യ ഉക്രൈനിലേക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നത്.
നേരത്തെ സിറിയ സംഘർഷത്തിലും റഷ്യൻ സൈന്യത്തിന് വേണ്ടി ഈ കപ്പൽ വിന്യസിക്കപ്പെട്ടിരുന്നു. അവിടെ റഷ്യൻ സേനയുടെ ഹെമിം എയർബേസിന്റെ നാവിക സംരക്ഷണ കേന്ദ്രമായാണ് ഈ കപ്പൽ പ്രവർത്തിച്ചിരുന്നത്. കപ്പലിൽനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചുവെന്ന് അറിയിച്ച റഷ്യൻ പ്രതിരോധ മന്ത്രാലയം കപ്പലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചുവെന്നും വ്യക്തമാക്കി.