ന്യൂദല്‍ഹി- കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഒഴിഞ്ഞുകിടന്ന എന്‍.ആര്.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ നല്കിയ ഹരജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്. ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയ ശേഷം മോപ് അപ് അലോട്ട്മെന്റിലൂടെ നടത്തിയ പ്രവേശം റദ്ദാക്കണമെന്നും വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ആദ്യവട്ട കൗണ്‍സിലിങ്ങിന് ശേഷം യോഗ്യരായ എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണര്‍ മാറ്റിയത്. വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ നാല്‍പ്പത്തിയാറോളം സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതായി എന്‍.ആര്.ഐ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആരോപിക്കുന്നു. എന്നാല്‍ എന്‍.ആര്.ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റാന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നാണ് വിദ്യാര്‍ഥികളുടെ വാദം.
ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഹാരിസ് ബീരാന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യം ഉന്നയിച്ചത്.