ജലസേചനത്തിനായി ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) മുതൽ ഉപഗ്രഹ ഡാറ്റകളും കമ്പ്യൂട്ടർവൽകരണവും വരെ ഉപയോഗപ്പെടുത്തിയാണ് ഈ രംഗത്ത് മുന്നേറ്റം.
ലോകത്തിന്റെ എല്ലാ ഭാഗത്തും ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ, കാർഷിക ജലസേചനം പരിമിതപ്പെടുത്താനും ഫലപ്രദമാക്കാനുമുളള ഗവേഷണങ്ങളും സജീവമായി.
അടുത്ത 30 വർഷത്തിനകം ലോകത്ത് 57 കോടി ജനങ്ങൾക്കെങ്കിലും കുടിവെള്ളം കിട്ടാതാകുമെന്ന കണക്കാണ് യുനൈറ്റഡ് നേഷൻസ് പുറത്തുവിട്ടിരിക്കുന്നത്. കൃഷിയും ഇതേതരത്തിലുള്ള വെല്ലുവിളി നേരിടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സുപ്രധാന വിഭവമായ ജലത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന ചിന്ത കാർഷിക രംഗത്ത് ഇനിയും വൈകിക്കൂടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ബ്രസീലിൽ ഈയിടെ നടന്ന എട്ടാമത് വേൾഡ് വാട്ടർ ഫോറം ചർച്ച ചെയ്തതും ഇക്കാര്യം തന്നെയാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലാണ് ലോകത്തെ പ്രധാന ഭക്ഷ്യഉൽപാദകരും. ഈ രാജ്യത്തെ കൃഷി ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ജലദൗർലഭ്യമാണ്.
കാർഷിക ഉപയോഗത്തിനായി നദികളിലേയും തടാകങ്ങളിലേയും പകുതിയിലേറെ ജലം ഊറ്റിയെടുക്കുന്ന രാജ്യം പരിസ്ഥിതി മേഖലയിലും വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
പരമ്പരാഗത ജലസേചനത്തെ പരിഷ്‌കരിക്കുന്നതിന് സാങ്കേതിക വിദ്യ പലതരത്തിലാണ് സഹായകമാകുന്നത്.
ജലസേചനത്തിനായി ആളില്ലാ വിമാനങ്ങൾ (ഡ്രോൺ) മുതൽ ഉപഗ്രഹ ഡാറ്റകളും കമ്പ്യൂട്ടർവൽകരണവും വരെ ഉപയോഗപ്പെടുത്തിയാണ് ഈ രംഗത്ത് മുന്നേറ്റം. ജല ഉപയോഗം ഫലപ്രദമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ബ്രസീൽ കാർഷിക ഗവേഷണ സ്ഥാപനമായ എംബ്രപ മേധാവി മൗറീഷ്യോ ലോപ്‌സ് പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ജല വിദഗ്ധർ സംബന്ധിച്ച എട്ടാമത് ലോക ജലഫോറത്തിലെ പ്രസംഗകരെല്ലാം വിരൽ ചൂണ്ടിയത് ജലസേചന മേഖലയിലെ സാങ്കേതിക വിപ്ലവത്തിലേക്കാണ്.
ഗ്രാമീണ മേഖലയിലെ കർഷകർ ജലസംരക്ഷണത്തിലും അതീവ ജാഗത്ര പുലർത്തുന്നുവരാണെന്ന നിരീക്ഷണവും സമ്മേളനത്തിൽ ശ്രദ്ധനേടി. ജലവിഭവങ്ങൾ നശിപ്പിച്ചാൽ സ്വന്തം സമ്പത്തിനുതന്നെയാണ് കത്തിവെക്കുന്നത് അവർക്ക് ബോധ്യമുണ്ടെന്ന് പുതിയ ജലസേചന സംവിധാനമെന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച അഗ്രിക്കൾചർ ആന്റ് ഫിഷിംഗ് കോൺഫെഡറേഷൻ പ്രസിഡന്റ് ജോ മാരിൻസ് പറഞ്ഞു.