സന്ദേശങ്ങളും വിഡിയോകളും എൻക്രിപ്റ്റഡ് ആണെന്നും അതിലെ ഉളളടക്കം സ്വീകരിക്കുന്നയാൾക്ക് മാത്രമേ കാണാൻ കഴിയൂവെന്നും മിക്ക സൈറ്റുകളും അവകാശപ്പെടുന്നതാണ്. എന്നാൽ വാട്ട്‌സാപ്പ് അടക്കം എൻക്രിപ്റ്റഡാണെന്ന് അവകാശപ്പെടുന്ന സൈറ്റുകളെ കണ്ണടച്ച് വിശ്വസിക്കരുതെന്നും വിഡിയോ കാളുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. വിഡിയോകോൾ മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് അപ്പോൾ തന്നെ അറിയാൻ കഴിയില്ല. സൂക്ഷിക്കുക മാത്രമാണ് ബുദ്ധി.
സൈബർ രംഗത്ത് വിഹരിക്കുന്ന കുറ്റവാളികൾ വാട്‌സാപ്പ്, സ്‌കൈപ് വീഡിയോ കോളുകൾ കാണുന്നുണ്ടെന്നും അവ അശ്ലീല വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകുന്നു. രണ്ട് സ്ഥലങ്ങളിൽ താമസിച്ച് വിഡിയോ കോളുകൾ ധാരാളമായി ഉപയോഗിക്കുന്ന ദമ്പതിമാർക്കും അടുത്തിടെ വിവാഹിതരായവർക്കുമാണ് ഭീഷണി കൂടുതൽ. ഇത്തരം സംഭവങ്ങളിൽ കുടുങ്ങി സഹായമഭ്യർഥിച്ച് നിരവധിയാളുകൾ സൈബർ സെല്ലിലും മറ്റ് ഹെൽപ് ലൈൻ നമ്പറുകളിലും സമീപിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. കഴിഞ്ഞ നവംബറിൽ വിവാഹിതയായ 25 കാരി ഭർത്താവുമായി നടത്തിയ സ്‌കൈപ് വിഡിയോ ചാറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അശ്ലീല വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ടെന്നും കാണിച്ച് ഈയിടെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. വിഡിയോകളുടെ യു.ആർ.എലുകൾ സഹിതം നൽകിയ പരാതിയിൽ വിഡിയോകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം.
ഇങ്ങനെയുള്ള സംഭവങ്ങൾ വർധിച്ചുവരികയാണെന്നും നഗ്നശരീരം കാണിക്കുന്നതും സ്വയംഭോഗം ചെയ്യുന്നതുമായ വിഡിയോകളാണ് ചോർത്തിയവയിൽ ഭൂരിഭാഗമെന്നും സൈബർ സെല്ലിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. വാട്‌സാപ്പ് എൻക്രിപ്റ്റഡ് ആണെങ്കിലും അത് പൂർണമായും സുരക്ഷിതമല്ലെന്നും വിഡിയോകോൾ ചെയ്യുമ്പോൾ സൂക്ഷിക്കണമെന്നുമാണ് നിർദേശം. ഇത്തരം വിഡിയോകൾ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സൈബർ ക്രിമിനലുകൾ ഐപി അഡ്രസുകൾ നിരീക്ഷിച്ചാണ് വിഡിയോകോളുകൾ ഹാക്ക് ചെയ്യുന്നത്. മാൽ വെയറുകൾ ഉപയോഗിച്ച് മൊബൈൽ ഫോണുകളിൽനിന്ന് വിഡിയോകൾ ചോർത്താനം ഹാക്കർമാർക്ക് സാധിക്കും. സൈറ്റുകൾ സന്ദർശിക്കാൻ ക്ഷണിച്ചുകൊണ്ട് അജ്ഞാതരിൽനിന്ന് ലഭിക്കുന്ന അപരിചിത ലിങ്കുകൾ സന്ദർശിക്കുന്നതും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും ഒഴിവാക്കണം.