അഹമ്മദാബാദ്- ഗ്രാമത്തിലെ പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഗോധ്ര താലൂക്കില്‍ 17 വയസ്സുള്ള ആണ്‍കുട്ടിയെയും രണ്ട് സുഹൃത്തുക്കളെയും ആക്രമിച്ചതിന് അഞ്ച് പേരെ ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെല്ലാം പെണ്‍കുട്ടിയുടെ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു.
ഏപ്രില്‍ ഏഴിന് ഒര്‍വാഡ ഗ്രാമത്തില്‍ വച്ചാണ് സംഭവം നടന്നത്. ആണ്‍കുട്ടിയെയും സുഹൃത്തുക്കളെയും ഒരു തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതോടെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടി കുഴഞ്ഞുവീണ നിലയില്‍ നിലത്ത് കിടക്കുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
വീഡിയോ പരസ്യമായതോടെ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പഞ്ച്മഹലിന്റെ പോലീസ് സൂപ്രണ്ട് ഹിമാന്‍ഷു സോളങ്കി പറഞ്ഞു. പെണ്‍കുട്ടിയുടെ അഞ്ച് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.