VIDEO - ഇന്ധന വില സഹിക്കാന്‍ വയ്യ, സ്മൃതി ഇറാനിയെ വിമാനത്തില്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ്

ന്യൂദല്‍ഹി - ഇന്ധന, പാചകവാതക വില വര്‍ധനവില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ വിമാനത്തില്‍ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ്. ദല്‍ഹി - ഗുവാഹത്തി വിമാനത്തിലാണ് സ്മൃതി ഇറാനിയെ കോണ്‍ഗ്രസ് വനിതാ നേതാവ് നെറ്റ ഡിസൂസ ചോദ്യംചെയ്തത്. എന്നാല്‍ വിലവര്‍ധനവിനെക്കുറിച്ചുള്ള ചോദ്യത്തിന് 'കള്ളം പറയരുത്' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. സംഭവത്തിന്റെ വീഡിയോ നെറ്റ ട്വീറ്റ് ചെയ്തു.

'ഗുവാഹത്തി യാത്രക്കിടെ മോഡി മന്ത്രിസഭയിലെ സ്മൃതി ഇറാനിയെ കണ്ടു. അനിയന്ത്രിതമായി ഉയരുന്ന പാചകവാതക വിലയെക്കുറിച്ചുള്ള ചോദ്യത്തിന് വാക്‌സിനെ കുറ്റപ്പെടുത്തുകയാണ്. എന്തിന്, പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തി. എങ്ങനെയാണ് സാധാരണക്കാരോട് പ്രതികരിക്കുന്നത് എന്നറിയാന്‍ വീഡിയോ കാണുക', എന്ന അടിക്കുറിപ്പോടെയാണ് നെറ്റ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. നെറ്റയെ മൊബൈലില്‍ പകര്‍ത്തുന്ന സ്മൃതി ഇറാനിയേയും ദൃശ്യങ്ങളില്‍ കാണാം.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിലിണ്ടറുമായി തെരുവില്‍ പ്രതിഷേധിച്ച നേതാവാണ് സ്മൃതി ഇറാനി.

 

Latest News